മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ഡോ. ബിനുമോന് സമ്മാനിച്ചു
text_fieldsകുവൈത്ത് സിറ്റി: സി.ബി.എസ്.ഇ വിഭാഗത്തിലെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോന് സമ്മാനിച്ചു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരം സമ്മാനിച്ചത്. മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ, സഹമന്ത്രിമാരായ സത്യപാൽ സിങ്, ഉപേന്ദ്ര കുശ്വാഹ എന്നിവരും പങ്കെടുത്തു. അവാർഡ് ജേതാക്കൾക്ക് രാഷ്ട്രപതി ഭവനിലെ ഡർബാർ ഹാളിൽ സ്വീകരണം ഒരുക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കളെ അനുമോദിച്ചു.
ഇന്ത്യക്ക് പുറത്തുനിന്ന് ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രിൻസിപ്പൽമാരിൽ ഒരാളാണ് ഡോ. ബിനുമോൻ. ഇന്ത്യക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന 24,000ത്തോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ 16 അധ്യാപകരാണ് ഇത്തവണ ദേശീയ പുരസ്കാരത്തിന് അർഹരായത്.
അഞ്ചു വർഷമായി കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി വിദ്യാലയത്തിൽ പ്രിൻസിപ്പലായും ചീഫ് അഡ്മിനിസ്ട്രേറ്റ് ഓഫിസറായും പ്രവർത്തിച്ചുവരുകയാണ് ഡോ. ബിനുമോൻ.
ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന സി.ബി.എസ്.ഇ പരീക്ഷയുടെ മേൽനോട്ടക്കാരൻ കൂടിയായ ബിനുമോൻ അധ്യാപനത്തിൽ ഡോക്ടറേറ്റും എം.ബി.എ, എം.ഫിൽ തുടങ്ങി ഏഴോളം ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. 20 വർഷമായി അധ്യാപന രംഗത്ത് പ്രവർത്തിച്ചുവരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സിവിൽ എൻജിനീയറായ സീമയാണു ഭാര്യ. മക്കൾ ശ്രീലക്ഷ്മി, ശ്രീപ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
