ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ
text_fieldsകുവൈത്ത് സിറ്റി: തിരുപ്പിറവിയുടെ ഓർമ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ വ്യാഴാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളും ക്രൈസ്തവ ഭവനങ്ങളും ക്രിസ്മസിനെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.
പുൽക്കൂടും നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും ഒരുക്കി ക്രൈസ്തവ ദേവാലയങ്ങൾ ദിവസങ്ങൾക്കുമുമ്പേ ആഘോഷത്തിന് ഒരുങ്ങിയിരുന്നു. കരോൾ പരിപാടികളും വിവിധ പള്ളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇത്തവണ വ്യാഴാഴ്ചയാണ് ക്രിസ്മസ് എന്നതിനാൽ അവധി ദിവസമായ വെള്ളിയാഴ്ചയാകും വീടുകളിലെ വിപുലമായ ആഘോഷം.
അതേസമയം, ക്രിസ്മസ് കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചവരും നിരവധിയാണ്. കുവൈത്തിലെ മലങ്കര സുറിയാനി കത്തോലിക്ക സഭാ സമൂഹത്തിന്റെ ക്രിസ്മസ് പെരുന്നാൾ ശുശ്രൂഷയും പാതിരാ കുർബാനയും വ്യാഴാഴ്ച വെളുപ്പിന് മൂന്നിന് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും. ശുശ്രൂഷകൾ ഫാദർ ഡോ. തോമസ് കാഞ്ഞിരമുകളിൽ നേതൃത്വം നൽകും. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് ക്രിസ്മസ് ശുശ്രൂഷ ക്രമീകരണങ്ങൾ നടത്തും.
കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ബുധനാഴ്ച വൈകീട്ട് 5.30നു സെന്റ് ബസേലിയോസ് ചാപ്പൽ, സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിലും, രാത്രി 11.30 ന് നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലും പ്രത്യേക ശുശ്രൂഷകൾ നടത്തും. മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

