കന്നിവോട്ടിൽ രാഷ്ട്രീയ പ്രവർത്തകനായി
text_fieldsപലരിൽ നിന്നായി വോട്ട് ചെയ്തതിന്റെ അനുഭവങ്ങൾ കേൾക്കുന്നതു മുതൽ എന്നിലും അതിനായുള്ള കൗതുകങ്ങൾ വളർന്നു തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും ജനന സർട്ടിഫിക്കറ്റ് എടുത്തു നോക്കും. വർഷങ്ങളും മാസങ്ങളും പിന്നെയും ബാക്കിയായിരുന്നു. അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ 18 തികഞ്ഞു. ആദ്യം തന്നെ വോട്ട് ചേർത്തു. വോട്ടേഴ്സ് ലിസ്റ്റിൽ പേരും ഐ.ഡി കാർഡും കിട്ടിയതോടെയാണ് ആശ്വാസമായത്. വീട്ടിൽ ടി.വി വാർത്ത കേൾക്കുന്ന പതിവുണ്ട്. കൊലയും അടിപിടിയും അഴിമതിയും അട്ടിമറിയും സമരങ്ങളുമൊക്കെ വാർത്തയിൽ കാണുന്നതിനാൽ രാഷ്ട്രീയത്തെ കുറിച്ച് ഒരു ഭയം എന്നിൽ വളർന്നിരുന്നു. അതിനാൽ, ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാൻ താൽപര്യം തോന്നിയില്ല. എന്നാൽ, ഉള്ളിൽ ചില നേതാക്കളോട് വല്ലാത്ത അടുപ്പം ഉണ്ടായിരുന്നു.
അങ്ങനെ തെരഞ്ഞെടുപ്പ് കാലമെത്തി. ഗ്രാമീണ മേഖലയിലെ എന്റെ വീടിനു ചുറ്റും എല്ലാ സമുദായക്കാരും ഉണ്ട്. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ് എല്ലാവരും. വോട്ടടുത്തതോടെ വിവിധ രാഷ്ട്രീയ പ്രവർത്തകർ അഭ്യർഥനകളുമായി എത്തിത്തുടങ്ങി. എല്ലാവരും അവർക്ക് വോട്ട് നൽകണമെന്ന് ആവശ്യപ്പെടും. എല്ലാവരോടും തലയാട്ടി സമ്മതം പറയും. എന്നാൽ, എന്റെ മനസ്സിൽ അപ്പോഴേക്കും ഒരു ചിഹ്നം പതിഞ്ഞിരുന്നു. കവലയിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് നിറഞ്ഞു. ഒപ്പം പ്രസംഗങ്ങളൂം വാഗ്ദാനങ്ങളും.
ഇവയൊക്കെ കാണുമ്പോൾ ആർക്ക് വോട്ട് നൽകണമെന്ന ചിന്ത വീണ്ടും അലട്ടും. പോളിങ്ങിന്റെ തലേ ദിവസം ഉറങ്ങിയില്ല. പലകുറിയാലോചിച്ചു എന്റെ ആദ്യ വോട്ട് വിജയിക്കുന്ന ആളിന് തന്നെയായിരിക്കണമെന്ന്. പുലർച്ച ആദ്യ വോട്ടിടാൻ ഞാനും ബൂത്തിലെത്തി. മറയിട്ട കൗണ്ടറിൽ എത്തി മനസ്സിൽ കുറിച്ച ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങി. അഞ്ചു നാൾ കഴിഞ്ഞേ ഫലം വരുകയുള്ളു. ദിവസവും പ്രാർഥിക്കും എന്റെ വോട്ടിന് വിജയമുണ്ടാകണേ എന്ന്. വോട്ട് എണ്ണലിന്റെ അന്ന് ടി.വിയിൽ വിവരങ്ങൾ അറിയാൻ കാത്തിരുന്നു. ലീഡ് കുറഞ്ഞും കൂടിയും പിന്നിലേക്ക് പോകുമ്പോൾ വല്ലാത്ത അവസ്ഥ അലട്ടിയിരുന്നു. ഒടുവിൽ ഞാൻ രേഖപ്പെടുത്തിയ ചിഹ്നത്തിൽ മത്സരിച്ച ആൾ വിജയിച്ചു എന്ന് എഴുതിക്കാണിച്ചു. അപ്പോൾ സന്തോഷം കൊണ്ട് കൈയടിച്ചു തുള്ളിച്ചാടി കവലയിലേക്ക് ഓടി. അവിടെ പ്രവർത്തകർ നൽകിയ മധുരപലഹാരങ്ങൾ കഴിച്ചു ആഘോഷങ്ങളിൽ പങ്കുചേർന്നു. പിന്നെ ഞാനും ആ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

