ബീച്ച് എഫ്.സി ഫുട്ബാൾ: യു.എഫ്.സി മംഗഫ് -എ ടീം ജേതാക്കൾ
text_fieldsബീച്ച് എഫ്.സി ഫുട്ബാൾ ജേതാക്കളായ യു.എഫ്.സി മംഗഫ് -എ ടീം
കുവൈത്ത് സിറ്റി: ബീച്ച് എഫ്.സി മംഗഫ് സംഘടിപ്പിച്ച ബീച്ച് കപ്പ്-24 സീസൺ 2 അഖില കേരള സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റിൽ യു.എഫ്.സി മംഗഫ് -എ ടീം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ലക്കി സ്റ്റാർ ഫർവാനിയയെ തോൽപ്പിച്ചാണ് കിരീടനേട്ടം. ടൂർണമെന്റിൽ 16 ഓളം ടീമുകൾ മാറ്റുരച്ചു.
ഫഹാഹീൽ സൂക്ക് സഭ് ഫുട്ബാൾ മൈതാനിയിൽ നടന്ന മത്സരങ്ങൾ കാണാൻ നിരവധി പേരെത്തി. ഗോൾഡൺ ഗേറ്റ് ട്രാവൽസ് ഉടമ ഡോ. സാദിഖ് അൽ ബസ്സാം, മാനേജിങ് ഡയറക്ടർ റെജി വർഗീസ്, അരുൺ ജറിൽ ജോസഫ്, ക്ലബ് അംഗങ്ങൾ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കൈമാറി.
മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങൾക്കുള്ള വ്യക്തിഗത ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി ശിവ നന്ദി പറഞ്ഞു. അമ്പതിൽ കൂടുതൽ അംഗങ്ങൾ സജീവമായി പ്രവർത്തിച്ചു വരുന്ന ഫുട്ബാൾ ക്ലബാണ് ബീച്ച് എഫ്.സി.

