ബാസ്കറ്റ് ബാൾ ലീഗ്: കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കൾ
text_fieldsകുവൈത്ത് ബാസ്കറ്റ് ബാൾ അസോസിയേഷൻ കപ്പ് ബാസ്കറ്റ് ബാൾ ലീഗിൽ ജേതാക്കളായ കുവൈത്ത് സ്പോർട്സ് ക്ലബ് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് ബാസ്കറ്റ് ബാൾ അസോസിയേഷൻ കപ്പ് ബാസ്കറ്റ് ബാൾ ലീഗിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ അൽ യർമൂക് സ്പോർട്സ് ക്ലബിനെയാണ് അവർ 125 - 69 സ്കോറിന് കീഴടക്കിയത്. സ്കോർ സൂചിപ്പിക്കുന്നതുപോലെ ആധികാരികമായിരുന്നു കുവൈത്ത് സ്പോർട്സ് ക്ലബിെൻറ വിജയം. അവരുടെ 14ാമത് കിരീടമാണിത്. കസ്മ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഖാദിസിയയാണ് കൂടുതൽ തവണ കപ്പുയർത്തിയിട്ടുള്ളത്.
25 തവണ അവർ ജേതാക്കളായപ്പോൾ അൽ അറബി സ്പോർട്സ് ക്ലബ് ഒമ്പത് തവണയും കസ്മ മൂന്നുതവണയും ജഹ്റ സ്പോർട്സ് ക്ലബ് രണ്ടുതവണയും അൽ സാഹിൽ സ്പോർട്സ് ക്ലബ്, അൽ നാസർ എന്നിവ ഒാരോ തവണയും ജേതാക്കളായിട്ടുണ്ട്. വിജയികളെ കുവൈത്ത് ബാസ്കറ്റ് ബാൾ അസോസിയേഷൻ ചെയർമാൻ റഷീദ് അൽ ഇനീസി അഭിനന്ദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കാതെയാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.

