നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കുക -ബഷീർ ഫൈസി ദേശമംഗലം
text_fieldsകെ.ഐ.സി ഫഹാഹീൽ മേഖല സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കത്തിൽ ബഷീർ ഫൈസി
ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല 'മർഹബൻ യാ റമദാൻ' ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഷീദ് മസ്താൻ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കണമെന്നും റമദാൻ ജീവിതത്തെ പുനഃക്രമീകരിക്കാനുള്ള അവസരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, മഹ്ബൂല മേഖല പ്രസിഡന്റ് പി. മുഹമ്മദ് ആദിൽ, മെഡ് എക്സ് മെഡിക്കൽ ഗ്രൂപ് പ്രതിനിധി ജസീൽ ഹുദവി എന്നിവർ സംസാരിച്ചു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. പുതിയ കേന്ദ്ര നേതാക്കൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. ജനറൽ സെക്രട്ടറി കെ.പി. ഹംസക്കുട്ടി സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസൻ നന്ദിയും പറഞ്ഞു.

