ബാങ്ക് നിക്ഷേപം കുറഞ്ഞു; 21 വർഷത്തിനിടെ ആദ്യം
text_fieldsകുവൈത്ത് സിറ്റി: 21 വർഷത്തിനിടെ ആദ്യമായി കുവൈത്തിലെ ആകെയുള്ള ബാങ്ക് നിക്ഷേപം കുറഞ്ഞു. 2021 ഡിസംബർ അവസാനം 44.561 ശതകോടി ദീനാറാണ് നിക്ഷേപം. 2020 ഡിസംബർ അവസാനവുമായി താരതമ്യം ചെയ്യുമ്പോൾ 714 ദശലക്ഷം ദീനാർ (1.48 ശതമാനം) കുറഞ്ഞതായി സെൻട്രൽ ബാങ്കിന്റെ സ്ഥിതിവിവരക്കണക്കിൽ പറയുന്നു. 2020 ഡിസംബർ അവസാനം 45.275 ശതകോടി ദീനാറായിരുന്നു ബാങ്ക് നിക്ഷേപം. 1999ലാണ് അവസാനമായി തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപം കുറഞ്ഞത്.
1998 ലേതിൽനിന്ന് 0.46 ശതമാനമാണ് അന്ന് കുറഞ്ഞത്. 2021 നവംബറുമായി താരതമ്യം ചെയ്താൽ ഡിസംബറിൽ 0.58 ശതമാനത്തിന്റെ കുറവുണ്ടായി. സർക്കാർ നിക്ഷേപം ഒരു മാസത്തിനിടെ 0.43 ശതമാനം കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലും സർക്കാർ നിക്ഷേപം കുറയുകയാണ് ചെയ്തത്. 571 ദശലക്ഷം ദീനാർ (7.19 ശതമാനം ആണ്) ഒരു വർഷത്തിനിടെ സർക്കാർ വക ബാങ്ക് നിക്ഷേപം കുറഞ്ഞത്. സ്വകാര്യ മേഖല നിക്ഷേപം 143 ദശലക്ഷം ദീനാർ (0.38 ശതമാനം) കുറഞ്ഞു. കോവിഡ് പ്രതിസന്ധിയും വരുമാനത്തകർച്ചയുമാണ് നിക്ഷേപം പിൻവലിക്കപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഇടിഞ്ഞ സ്റ്റോക് മാർക്കറ്റ് പെട്ടെന്ന് ഉയർന്ന് തുടങ്ങിയപ്പോൾ ഒരു വിഭാഗം ബാങ്ക് നിക്ഷേപം പിൻവലിച്ച് ഓഹരി വിപണിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

