വയനാടിന് ബാലവേദി ധനസഹായം കൈമാറി
text_fieldsബാലവേദി കുവൈത്ത് ധനസഹായം മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറുന്നു
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിന് നടത്തിയ ‘ലെസ് ചോക്കലേറ്റ് മോർ ചാരിറ്റി’ കാമ്പയിൻ പൂർത്തീകരിച്ചു. ബാലവേദി അംഗങ്ങളായ കുട്ടികളുടെ സമ്പാദ്യ കുടുക്കയിലൂടെ നാലു മേഖലകളിൽ നിന്നായി 1,78,678 രൂപ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ധനസഹായം കുവൈത്തിലെത്തിയ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് ബാലവേദി ഭാരവാഹികളായ നന്ദന ലക്ഷ്മി, മഴ ജിതേഷ്, നിരുപമ നിരഞ്ജന, ലിയാൻ ജോൺ ലിനിഷ്, ദേവനന്ദ ബിനു, ആഗ്നസ് എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ബാലവേദി കുവൈത്ത് രക്ഷാധികാരി കൺവീനർ സി. രജീഷ്, കോഓഡിനേറ്റർ ശങ്കർ റാം, കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

