ബഹ്റൈൻ ആഭ്യന്തര മന്ത്രി കുവൈത്തിലെത്തി; സഹകരണം വികസിപ്പിക്കാൻ കുവൈത്തും ബഹ്റൈനും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും ബഹ്റൈനും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെയും സുരക്ഷ ഏകോപനത്തിന്റെയും ബന്ധം ശക്തിപ്പെടുത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കുവൈത്തിൽ. ഔദ്യോഗിക സന്ദർശനഭാഗമായി കുവൈത്തിലെത്തിയ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസയുടെ ആശംസകൾ ബഹ്റൈൻ മന്ത്രി കൂടിക്കാഴ്ചക്കിടെ അമീറിനെ അറിയിച്ചു. അമീറിന് മികച്ച ആരോഗ്യവും ക്ഷേമവും നേർന്ന അദ്ദേഹം കുവൈത്ത് ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. ബഹ്റൈൻ രാജാവിന് ആശംസകൾ അറിയിച്ച അമീർ, ദീർഘാരോഗ്യവും ക്ഷേമവും നേർന്നു. ബഹ്റൈൻ രാജ്യത്തിനും ജനങ്ങൾക്കും രാജാവിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ കൂടുതൽ വികസനവും സമൃദ്ധിയും കൈവരട്ടെയെന്നും പ്രാർഥിച്ചു.
വിമാനത്താവളത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ബഹ്റൈൻ ആഭ്യന്തര മന്ത്രിയെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. മുതിർന്ന സുരക്ഷ ഉദ്യാസ്ഥരും സന്നിഹിതരായിരുന്നു. കുവൈത്തും ബഹ്റൈനും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് സന്ദർശനമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തി ഉറപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

