വിനോദസഞ്ചാര സഹകരണം വർധിപ്പിക്കാൻ ബഹ്‌റൈനും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: വിനോദസഞ്ചാര സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു ബഹ്‌റൈനും കുവൈത്തും. കുവൈത്തുമായുള്ള വിനോദസഞ്ചാര സഹകരണവും പങ്കാളിത്തവും വികസിപ്പിക്കുന്നതിനുള്ള താൽപര്യം ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി ബഹ്‌റൈനിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജ്മുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ അൽ സൈറാഫി പ്രശംസിച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനം, വിനോദസഞ്ചാര ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ഇരുരാജ്യങ്ങളിലെയും ആകർഷണീയമായ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ പ്രാധാന്യവും സൂചിപ്പിച്ചു.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനുള്ള വഴികൾ സംയുക്ത സംരംഭങ്ങൾ, വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള വഴികൾ എന്നിവയും ഇരുവരും ചർച്ച ചെയ്തു.

