സ്വകാര്യ പാർപ്പിട മേഖലയിൽ ബാച്ച്ലർ താമസക്കാർ: 112 വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചു
text_fieldsകുവൈത്ത് സിറ്റി: സ്വദേശികളുടെ പാർപ്പിട മേഖലയിൽ വിദേശി കുടുംബേതര താമസക്കാർ താമസിക്കുന്ന 112 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഹ്മദി ഗവർണറേറ്റിലാണ് മുനിസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിച്ചത്.സ്വദേശികൾക്ക് സർക്കാർ ഭവന പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശി കുടുംബേതര താമസക്കാർക്ക് വാടകക്ക് നൽകി വന്നതാണ് പിടികൂടിയത്. പാർപ്പിട മേഖലയിലെ കുടുംബേതര താമസക്കാരുടെ താമസം സാമൂഹിക സുരക്ഷക്ക് ഭീഷണിയുയർത്തുന്നതായി ആരോപണമുണ്ട്. സ്വകാര്യപാർപ്പിട മേഖലയിൽ താമസിക്കുന്ന വിദേശി കുടുംബേതര താമസക്കാരെ കണ്ടെത്താൻ കുവൈത്ത് മുനിസിപ്പാലിറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ആറു ഗവർണറേറ്റുകളിലെയും സ്വകാര്യ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തുന്നു. സ്വകാര്യ പാർപ്പിടമേഖലയിൽ വിദേശികൾക്ക് താമസം അനുവദിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പാലിറ്റി ഡയറക്ടർ പ്രത്യേക സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള സ്വകാര്യ പാർപ്പിട മേഖലയിലെ കെട്ടിടങ്ങളിൽ മുനിസിപ്പാലിറ്റിയുടെ വിവിധ സംഘങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്. സ്വകാര്യ പാർപ്പിട മേഖലയിൽ നിയമം ലംഘിച്ച് നിർമിക്കുന്ന വീടുകൾക്ക് പ്രതിദിനം പത്തു ദീനാർ പിഴ ഏർപ്പെടുത്തും.ഇത്തരം വീടുകൾ പൊളിച്ചു നീക്കുക, വൈദ്യുതി വിച്ഛേദിക്കുക, നിശ്ചിത തുക പിഴ ഏർപ്പെടുത്തുക, പ്രത്യേക ബ്ലോകിൽ ഏർപ്പെടുത്തി ഉടമസ്ഥരുടെ നടപടികൾ നിർത്തിവെക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുനിസിപ്പാലിറ്റിയുടെ മുന്നിലുള്ളത്. പിഴ ഏർപ്പെടുത്തുക എന്ന നിർദേശത്തിനാണ് മുൻതൂക്കം. എന്നാൽ, ഇത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.