ബേബി സിറ്റിങ്ങിൽ മരിച്ച കുട്ടിക്ക് ഹൃദ്രോഗമായിരുന്നെന്ന് വ്യാജ പ്രചാരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞദിവസം ബേബി സിറ്റിങ്ങിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച കുട്ടിക്ക് ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. ബേബി സിറ്റിങ് സ്ഥാപനത്തെ വെള്ളപൂശുന്നതിന് വേണ്ടിയാണ് ഒരു അസുഖവും ഇല്ലാതിരുന്ന കുഞ്ഞിനെ രോഗിയാക്കി ചിത്രീകരിക്കുന്നതെന്ന് പിതാവ് സാബി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
എറണാകുളം രായമംഗലം സ്വദേശിയും ബദർ അൽ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറക്കൽ സാബി മാത്യുവിെൻറയും ജഹ്റ ആശുപത്രി സ്റ്റാഫ് നഴ്സ് ജോബയുടെയും മകൾ ആൻഡ്രിയ മരിയ സാബി (ഏഴരമാസം) ആണ് മരിച്ചത്. മുമ്പ് മൂന്നുതവണ ആൻഡ്രിയയെ അവിടെ കൊണ്ടുവന്നപ്പോൾ എടുക്കാതെ തിരിച്ചുവിട്ടതാണെന്നും വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്നു.
എന്നാൽ, വാക്സിൻ എടുക്കാനല്ലാതെ ഒരിക്കൽപോലും ആൻഡ്രിയയെ ആശുപത്രിയിൽ കൊണ്ടുപോവേണ്ടിവന്നിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നത്.
കുട്ടി തലേ ദിവസം കളിച്ചുചിരിക്കുന്ന വിഡിയോ ഇവരുടെ പക്കലുണ്ട്.ചൊവ്വാഴ്ച ഉച്ചക്ക് കൊടുത്ത ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി അപകടത്തിൽ പെട്ടത്. മൂന്നുമണിക്ക് കുട്ടിയെ എടുക്കാൻ വന്നപ്പോൾ ആൾക്കൂട്ടം കണ്ടാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. ആശുപത്രിയിലെത്തി മാതാവ് കുഞ്ഞിനെ എടുത്തപ്പോൾ വായിൽനിന്നും മൂക്കിൽനിന്നും ഭക്ഷണാവശിഷ്ടവും രക്തവും വന്നു. ലൈസൻസ് ഇല്ലാതെ ഫ്ലാറ്റിലെ രണ്ടുമുറിയിൽ പ്രവർത്തിക്കുന്ന ബേബി സിറ്റിങ്ങിലാണ് അപകടം ഉണ്ടായത്. 45 ദീനാർ ആണ് പ്രതിമാസം ഒരു കുട്ടിക്ക് വാങ്ങുന്നത്.
തങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും ആരെയും പ്രതിക്കൂട്ടിലാക്കാനോ കുറ്റപ്പെടുത്താനോ നിൽക്കേണ്ടെന്നും കരുതിയാണ് കേസിനും നൂലാമാലകൾക്കും നിൽക്കാതിരുന്നതെന്നും ഇപ്പോൾ സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി തെൻറ കുഞ്ഞിെൻറ പേരിൽ ഇല്ലാക്കഥകൾ പ്രചരപ്പിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. സാബി മാത്യു കുവൈത്തിൽ ബദര്‍ അല്‍ മുല്ല കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ജോബ ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. എട്ടുവര്‍ഷമായി ഇവര്‍ കുവൈത്തിലാണ് താമസം.
ആന്‍ഡ്രിയ ജനിച്ചതും കുവൈത്തിലായിരുന്നു. ഏക സഹോദരി ഹെന്ട്രിറ്റ് അബ്ബാസിയ ലേണേഴ്സ് സ്കൂളില്‍ എൽ.കെ.ജി വിദ്യാര്‍ഥിനിയാണ്. കുവൈത്തില്‍ ബേബി സിറ്റിങ്ങില്‍ സമാന അപകടങ്ങള്‍ ആവർത്തിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വീടുകൾക്കും മറ്റും അനുബന്ധമായി അനധികൃത ശിശുപരിപാലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഈ രംഗത്ത് യോഗ്യതയും പരിശീലനവും നേടാത്തവരാണ് ഇവിടത്തെ അധ്യാപകരിൽ അധികവും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായതിനെ തുടർന്ന് ഇത്തരം സെൻററുകൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചുവരുകയാണ്.
കഴിഞ്ഞമാസം രാജ്യ വ്യാപകമായി നടത്തിയ പരിശോധനകളിൽ 123 അനധികൃത ഡേ കെയർ സെൻററുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഇത്തരം സെൻററുകൾക്കെതിരെയുള്ള അധികൃതരുടെ നടപടി.
നിയമലംഘനം കണ്ടെത്തുന്ന സെൻററുകൾ അടച്ച് സീൽ പതിക്കുമെന്ന് സാമൂഹികക്ഷേമകാര്യ മന്ത്രാലയത്തിന് കീഴിലെ മാതൃ-ശിശുകാര്യ അണ്ടർ സെക്രട്ടറി ഹസൻ കാദിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
