ചൂടിന് വിട: ഇനി ശരത്കാല കുളിര്
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂടിന് വിടനൽകി രാജ്യം ശരത്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ശരത്കാലത്തിന്റെ പ്രവേശനഘട്ടമായ'അൽ ജബ്ഹ’ സീസണ് തുടക്കമായി. രാത്രിയിൽ തണുപ്പും പകൽ മിതമായ താപനിലയും ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കുകയും ചെയ്യും.
13 ദിവസം നീണ്ടു നിൽക്കുന്ന ഈ ഘട്ടം സെപ്റ്റംബർ 18 വരെ തുടരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. തുടർന്ന് ‘അൽ സുഫ്രി' കാലയളവിലേക്ക് പ്രവേശിക്കും. 26 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഘട്ടം താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. മണൽക്കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആകാശം മഞ്ഞകലർന്ന നിറത്തിലായി മാറും.
ഈ സമയത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും. രാത്രിയിലും പുലർച്ചെയും ഉയർന്ന ആർദ്രതയും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ശൈത്യകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ഈ ഘട്ടത്തിലാണ് രാജ്യത്ത് ദേശാടന പക്ഷികൾ എത്തിത്തുടങ്ങുന്നതും.
ഈ മാസം അവസാനത്തോടെ മഴ എത്തുമെന്നും പ്രതീക്ഷിക്കുന്നു. കാലവസഥ മാറ്റത്തിന്റെ ഭാഗമായുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

