ലോകകപ്പ് യോഗ്യത: കുവൈത്തിനെ മൂന്ന് ഗോളിന് കീഴടക്കി ആസ്ത്രേലിയ
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ആസ്ത്രേലിയക്കെതിരെ കുവൈത്തിന് മൂന്നുഗോൾ തോൽവി. ആദ്യപാദത്തിലും ഇതേ സ്കോറിനായിരുന്നു ഇരു ടീമുകളും കളി അവസാനിപ്പിച്ചിരുന്നത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ എതിരാളികൾക്കെതിരെ കുവൈത്ത് പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ മഞ്ഞപ്പട വല കുലുക്കി. മാത്യൂ ലക്കിയിലൂടെയാണ് ഒാസീസിെൻറ ഭാഗ്യം. 24ാം മിനിറ്റിൽ ജാക്സൻ ഇർവിൻ, 66ാം മിനിറ്റിൽ അജ്ദിൻ റുസ്റ്റിക് എന്നിവരും ഗോൾ നേടി. പ്രതിരോധം ശക്തമാക്കി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയെന്ന തന്ത്രമാകും കുവൈത്ത് പുറത്തെടുക്കുക എന്ന തന്ത്രവുമായി മൈതാനത്തിറങ്ങിയ കുവൈത്തിന് ആദ്യ മിനിറ്റിൽ തന്നെ ഗോൾ വീണത് തിരിച്ചടിയായി. പിന്നീടൊരു ഘട്ടത്തിലും അവർക്ക് തിരിച്ചുവരാൻ അവസരമുണ്ടായില്ല.
സ്കോർ സൂചിപ്പിക്കുന്നത് പോലെ തന്നെയായിരുന്നു കളിയും. 55 ശതമാനവും സമയം ആസ്ത്രേലിയയുടെ പക്കലായിരുന്നു പന്ത്. ആറ് ഷോട്ടുകൾ അവർ പോസ്റ്റിലേക്ക് പായിച്ചപ്പോൾ ഒന്നുമാത്രമായിരുന്നു മറുപടി. 11 കോർണർ കിക്കുകൾ മഞ്ഞപ്പടക്ക് അനുകൂലമായും അഞ്ച് കോർണറുകൾ കുവൈത്തിന് അനുകൂലമായും വന്നു. ഒാസീസ് പ്രതിരോധത്തിന് കനത്ത ഭീഷണി ഉയർത്തുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കാൻ കുവൈത്തി താരങ്ങൾക്ക് കഴിഞ്ഞില്ല. അഞ്ച് കളിയും ക്ലീനായി ജയിച്ച ആസ്ത്രേലിയ 15 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. കുവൈത്തിനും ജോർഡനും പത്ത് പോയൻറ് വീതമുണ്ട്.
ഗോൾ ശരാശരിയുടെ പിൻബലത്തിൽ കുവൈത്ത് രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും ജോർഡൻ ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ. ആറ് കളിയിൽ ആറ് പോയൻറുള്ള നേപ്പാൾ ആണ് നാലാമത്. എല്ലാ കളിയും തോറ്റ ചൈനീസ് തായ്പേയിക്ക് പോയെൻറന്നുമില്ല. ജൂൺ 11ന് ജോർഡനെതിരെയും 15ന് ചൈനീസ് തായ്പേയിക്കെതിരെയും കുവൈത്തിന് മത്സരമുണ്ട്. രണ്ടാം സ്ഥാനക്കാരായി പ്ലേ ഒാഫിനെങ്കിലും യോഗ്യത നേടണമെങ്കിൽ ജോർഡനെതിരെ കുവൈത്തിന് ജയിച്ചേ പറ്റൂ. ചൈനീസ് തായ്പേയിയെ നീലപ്പട അനായാസം കീഴടക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

