നഴ്സിങ് മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കും
text_fieldsകുവൈത്ത് സിറ്റി: നഴ്സിങ് മേഖലയിലേക്ക് കുവൈത്തികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ നഴ്സിങ് കോളജിലേക്ക് പുതിയ ബാച്ചിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു.
പുതിയ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരീക്ഷ ഞായറാഴ്ചയും രണ്ടാം സെമസ്റ്ററിലെ എഴുത്തുപരീക്ഷയും അഭിമുഖവും ഫെബ്രുവരി മൂന്നിനും നടക്കും.
അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അക്കൗണ്ട് സജീവമാക്കാനും വ്യക്തിഗത അഭിമുഖത്തിന് അപ്പോയിൻമെന്റ് എടുക്കാനും വിദ്യാർഥികളോട് അഭ്യർഥിച്ചു.
പ്രത്യേക പരിശീലനപദ്ധതികൾ ആവിഷ്കരിച്ചും സ്കോളർഷിപ്പുകളും ഇൻക്രിമെന്റുകളും നൽകിയും സ്വദേശികളെ നഴ്സിങ് രംഗത്തേക്ക് കൂടുതലായി കൊണ്ടുവരാനാണ് പദ്ധതി.
രാജ്യത്ത് അഞ്ചുവർഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാനാണ് അധികൃതർ പദ്ധതി തയാറാക്കുന്നത്.
ഏറെ ബോധവത്കരണം നടത്തിയാണ് നഴ്സിങ് കോഴ്സിലേക്ക് സ്വദേശികളെ ആകർഷിച്ചത്. നഴ്സിങ് തസ്തികയിലേക്ക് നിലവിൽ സ്വദേശികൾ അപേക്ഷ നൽകി കാത്തിരിക്കുന്നില്ല. അതുകൊണ്ടു തന്നെ തൽക്കാലം ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാർക്ക് തൊഴിൽനഷ്ട ഭീഷണിയില്ല. എന്നാൽ, സ്വദേശിവത്കരണ ശ്രമങ്ങൾ ഭാവിയിൽ നഴ്സുമാരെയും ബാധിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഹോസ്പിറ്റൽ പ്രോട്ടോകോൾ പാലിക്കേണ്ടതിനാലും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രംവെച്ച് നിയമനം നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഈ നിലയിലേക്ക് കുവൈത്തികളെ വളർത്തിക്കൊണ്ടുവരാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

