വിമാനത്താവളം വഴി ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; സൈക്കോട്രോപിക് ഗുളികകളുമായി യാത്രക്കാരി പിടിയിൽ
text_fieldsപിടികൂടിയ ഗുളികകൾ
കുവൈത്ത് സിറ്റി: വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള നീക്കം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 3458 മയക്കുമരുന്ന് ഗുളികകളുമായി ടെർമിനൽ 1 ൽ ഒരു യാത്രക്കാരി പിടിയിലായി. ഇത്യോപ്യയിലെ ആഡിസ് അബബയിൽ നിന്ന് എത്തിയ യാത്രക്കാരിയെ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്.
ബോഡി പൗഡർ കണ്ടെയ്നറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ഇവക്ക് സാധുവായ മെഡിക്കൽ കുറിപ്പടിയും ഉണ്ടായിരുന്നില്ല. ബെനിൻ പൗരയായ വീട്ടുജോലിക്കാരിയാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിലേക്ക് കൈമാറി.
ലഹരി വസ്തുക്കളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമ, കര, കടൽ പ്രവേശന ചെക്പോസ്റ്റുകളിൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുമെന്നും എല്ലാത്തരം മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കള്ളക്കടത്തും തടയുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

