ശരീരത്തിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യൂറോപ്യൻ പൗരൻ പിടിയിൽ
text_fieldsപിടികൂടിയ ലഹരി വസ്തുക്കൾ, പ്രതിയുടെ എക്സ്റേ
കുവൈത്ത് സിറ്റി: ശരീരത്തിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് ലഹരികടത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ പിടിയിൽ. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽനിന്ന് എത്തിയ ഒരു യാത്രക്കാരന്റെ ശരീരത്തിനുള്ളിലാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ പൗരനായ യാത്രക്കാരൻ ആന്തരികമായി മയക്കുമരുന്ന് കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പരിശോധന നടത്തി. തുടർന്ന് ഇയാളുടെ കൈവശം 312 ഗ്രാം ഹഷീഷ് കണ്ടെത്തി. പ്രതിയെ പിന്നീട് ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മെഡിക്കൽ സ്റ്റാഫ് ശരീരത്തിൽ ഒളിപ്പിച്ച ബാക്കി മയക്കുമരുന്ന് പുറത്തെടുത്തത്.
മൊത്തം 412 ഗ്രാം ഹഷീഷ് കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി.മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിൽ കസ്റ്റംസ്, സെർച് ടീമുകൾ, വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവരുടെ ജാഗ്രത ഈ പ്രവർത്തനം അടിവരയിടുന്നതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്ത് എത്തിക്കുന്നത് തടയൽ, കസ്റ്റംസ് സുരക്ഷ സംവിധാനം മെച്ചപ്പെടുത്തൽ എന്നിവ തുടരുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

