കേബ്ൾ റീലുകളിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമം; 3,591 കുപ്പി മദ്യം പിടിച്ചെടുത്തു
text_fieldsകസ്റ്റംസ് ഉദ്യോഗസ്ഥർ കേബ്ൾ റീലിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: കേബ്ൾ റീലുകളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് മദ്യം കടത്താൻ ശ്രമം. 3,591 കുപ്പി മദ്യം കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. വിദേശത്തുനിന്ന് എത്തിയ കണ്ടെയ്നറിൽ കേബ്ൾ റീലുകൾക്കുള്ളിലാണ് മദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമം നടന്നത്. ഇവ സ്വീകരിക്കുന്നതിനായി നൽകിയ വിലാസത്തിലുള്ള ആളെ അറസ്റ്റ് ചെയ്തു. മറ്റു നിയമനടപടികൾ പുരോഗമിക്കുകയാണ്.
കണ്ടെയ്നറിലെ ചരക്കിൽ സംശയം തോന്നി നടത്തിയ വിശദ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കണ്ടെയ്നറിൽ സ്റ്റീൽ കേബ്ൾ റീലുകളാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ വിശദമായ പരിശോധന ആരംഭിച്ചു. കേബ്ൾ റീലുകൾ പൊളിച്ചുമാറ്റിയതോടെ അത്യാധുനിക രീതിയിൽ മദ്യം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 3,591 കുപ്പി മദ്യം പരിശോധനയിൽ പിടിച്ചെടുത്തു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ജനറൽ ഫയർ ഫോഴ്സുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
അയച്ചയാളുടെയും സ്വീകർത്താവിന്റെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കസ്റ്റംസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ വിഭാഗത്തിന് കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെയ്നറിൽ പൂർണമായ പരിശോധന നടത്തി കൂടുതൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കി. കള്ളക്കടത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

