മുസ്ലിം-ക്രൈസ്തവ ശത്രുതയുണ്ടാക്കാൻ ശ്രമം -ഡോ. ഗീവർഗീസ് മാർ കുറിലോസ്
text_fields‘വെളിച്ചമാണ് ഖുർആൻ’ സമാപന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുസ്ലിം-ക്രൈസ്തവ ശത്രുതയുണ്ടാക്കാൻ പലരൂപത്തിൽ ശ്രമങ്ങൾ നടക്കുന്നതായി നിരണം ഭദ്രാസന മേത്രോപോലീത്ത യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ഡോ.ഗീവർഗീസ് മോർ കുറിലോസ് തിരുമേനി. ‘വെളിച്ചമാണ് ഖുർആൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി നടത്തിയ കാമ്പയിൻ സമാപന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഫാഷിസ്റ്റ് വംശീയ ശക്തികൾ മുസ്ലിം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
‘വെളിച്ചമാണ് ഖുർആൻ’ സമാപന പൊതുസമ്മേളന സദസ്സ്
ഇത് തിരിച്ചറിഞ്ഞു സുഹൃദ് സമൃദ്ധമായ സാമൂഹികബന്ധം കാത്തുസൂക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം. വേദ ഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളുടെ സത്ത ഉൾക്കൊണ്ടു ജീവിക്കാൻ എല്ലാവരും തയാറാകണമെന്നും ഉണർത്തി. ക്ഷേമ സമ്പൂർണമായ ഒരു നാഗരിക സമൂഹമാണ് ഖുർആൻ വിഭാവനം ചെയ്യുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു.
മനുഷ്യ ജീവിതത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ഖുർആൻ. ആരാധനകളുടെ പൂർണമായ രൂപം പറഞ്ഞിട്ടില്ലാത്ത ഖുർആൻ സമൂഹത്തിലെ ദാരിദ്ര നിർമാർജനത്തെക്കുറിച്ചും മനുഷ്യരോടുള്ള പെരുമാറ്റ മര്യാദകളെക്കറിച്ചും പറയുന്നു. വംശീയത ഇന്ത്യയിലും ലോകത്താകമാനവും ശക്തി പ്രാപിക്കുന്നു. അധികാരം നിലനിർത്താനുള്ള ഏറ്റവും നല്ല ഉപകരണമായി ഭരണകൂടം അഭയം പ്രാപിച്ചിരിക്കുന്നത് വംശീയതയിലാണ്.
എന്നാൽ ഖുർആനിക അധ്യാപനങ്ങൾ മുഴുവൻ വംശീയതയെ നിരാകരിക്കുന്നതാണെന്നും സൂചിപ്പിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽനടന്ന സമാപന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി. ടി. ശരീഫ് അധ്യക്ഷത വഹിച്ചു. റയ്യാൻ ഖലീൽ ഖുർആൻ പാരായണം നടത്തി. ക്വിസ് മത്സരം ഫൈസൽ മഞ്ചേരിയും ഉപസംഹാരം അൻവർ സഈദും നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കൺവീനർ നിയാസ് ഇസ്ലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

