കുവൈത്തിനെ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ആക്രമണം; നിരവധി ആക്രമണങ്ങളെ നിർവീര്യമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ആക്രമണം. തിങ്കളാഴ്ച പുലർച്ചെ കുവൈത്ത് വ്യോമ പ്രതിരോധ ഉദ്യോഗസ്ഥർ നിരവധി ആക്രമണങ്ങളെ നിർവീര്യമാക്കി.
സമുദ്രമാർഗ്ഗം ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ, സൽവ മേഖലകളിൽ എത്തിയ ഡ്രോണുകളിൽ ഭൂരിഭാഗവും കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണങ്ങളിൽ ആർക്കും പരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൻസൂരി അറിയിച്ചു.
രാജ്യത്തെ സ്ഥിതി സുസ്ഥിരമായി തുടരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും നിരീക്ഷിച്ചു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ചില റെസിഡൻഷ്യൽ ഏരിയകളിൽ കേൾക്കുന്ന സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെതാണ്. വ്യോമ പ്രതിരോധ യൂണിറ്റുകൾ നിരന്തരമായ ജാഗ്രത പാലിക്കുന്നുണ്ട്. രാജ്യത്തെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സാധ്യമായ ഭീഷണികൾ നിർവീര്യമാക്കുന്നുണ്ട്.
പരിഭ്രാന്തി സൃഷ്ടിക്കുന്നതും കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അക്കൗണ്ടുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വകുപ്പ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പുന:പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

