ഗസ്സയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം –വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എൻ മിഷൻ ആഘോഷത്തിൽ പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രശ്നത്തിന് സുസ്ഥിരവും സമഗ്രവുമായ പരിഹാരം ദ്വിരാഷ്ട്രമെന്ന സമീപനമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. യു.എൻ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ യു.എൻ മിഷൻ നടത്തിയ ആഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വിദേശകാര്യമന്ത്രി.
ഗസ്സയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ കുവൈത്ത് ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ജനതക്ക് അവശ്യ മാനുഷികസഹായം തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗസ്സയിലെ ദുരന്തം എല്ലാവരെയും വേദനിപ്പിക്കുന്നുവെന്നും ശൈഖ് സലീം പറഞ്ഞു. ഗസ്സയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ 35 യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാരുടെ ദാരുണമായ നഷ്ടത്തെക്കുറിച്ച് കേട്ടതിൽ വളരെ ഖേദമുണ്ട്. അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
ലോകമെമ്പാടുമുള്ള സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള പരിശ്രമത്തിലൂടെ ഐക്യരാഷ്ട്രസഭ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്തു. കുവൈത്ത് ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുത്തതിന്റെ 60ാം വാർഷിക വേളയാണിതെന്നും ശൈഖ് സലീം ഓർമിച്ചു.
കുവൈത്തും ഐക്യരാഷ്ട്രസഭയും തമ്മിലെ പങ്കാളിത്തം നിരവധി സുപ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷ്യംവഹിച്ചു. പുരോഗതിയും ഐക്യവും നിലനിൽക്കുന്ന ലോകത്തിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും ശൈഖ് സലീം കൂട്ടിച്ചേർത്തു.
1963ൽ യു.എന്നിൽ ചേർന്നത് മുതൽ ലോകമെമ്പാടുമുള്ള മാനുഷിക, വികസന മേഖലകളിൽ ഫലപ്രദമായ അംഗമാണ് കുവൈത്തെന്ന് കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധി ഗദാ അൽ താഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

