കുവൈത്തിൽ ബുധനാഴ്ചയും ആക്രമണം; പ്രവാസി കുട്ടി മരിച്ചു, കുടുംബത്തിലെ നാല് പേർ ആശുപത്രിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ചയും ആക്രമണം. അസിമ ഗവർണറേറ്റിൽ റെസിഡൻഷ്യൽ ഏരിയയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു 11 വയസ്സുള്ള പ്രവാസി കുട്ടി മരിച്ചു. ഗുരുതരാവസ്ഥയിൽ അമീരി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അരമണിക്കൂറോളം നീണ്ടുനിന്ന പുനരുജ്ജീവന ശ്രമങ്ങൾക്കൊടുവിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു.
കുടുംബത്തിലെ നാല് പേർ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ നിരവധി ആക്രമണങ്ങൾ സായുധ സേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലയിലെ വീടിന് മുകളിൽ അവശിഷ്ടങ്ങൾ പതിച്ചതായും ആളപായത്തിനും ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമായതായും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്വാൻ പറഞ്ഞു.
കുവൈത്തിനെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും സായുധ സേനകൾ ഉണർന്നു പ്രവർത്തിക്കുന്നത് തുടരുമെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

