ഗസ്സയിലെ ആക്രമണം; അടിയന്തര നടപടി വേണം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാരക ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ സൈനിക വ്യാപനം വെടിനിർത്തൽ കരാറിന്റെ ഗുരുതരമായ ലംഘനമാണ്. ഗസ്സയിലെ സിവിലിയന്മാരുടെ വംശഹത്യ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ ഇസ്രായേൽ നയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആക്രമണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷാ കൗൺസിലിനോടും (എസ്.സി) വെടിനിർത്തൽ കരാറിലെ കക്ഷികളോടും കുവൈത്ത് വീണ്ടും ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയായ എല്ലാ ലംഘനങ്ങളെയും തടയണമെന്നും ഉണർത്തി.
ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. നൂറിലേറെ യുദ്ധവിമാനങ്ങളുമായി നടത്തിയ കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 660ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ ലംഘിച്ചായിരുന്നു ഇസ്രായേൽ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

