കാർഡ് രഹിത പിൻവലിക്കൽ സവിശേഷത ഉപയോഗപ്പെടുത്തി എ.ടി.എം തട്ടിപ്പ്: വൻസംഘത്തിലെ മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ തട്ടിപ്പ് സംഘം
കുവൈത്ത് സിറ്റി: എ.ടി.എമ്മുകളിലെ കാർഡ് രഹിത പിൻവലിക്കൽ സവിശേഷത ഉപയോഗപ്പെടുത്തി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും പണം മോഷ്ടിക്കുന്നതിൽ വിദഗ്ധരായ ഏഷ്യൻ സംഘം പിടിയിൽ. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കത്തിൽ 24 മണിക്കൂറിനുള്ളിൽ ജലീബ് അൽ ഷുയൂഖിൽ നിന്ന് പ്രധാന പ്രതി പിടിയിലായി. വിവിധ സിം കാർഡുകൾ, ബാങ്ക് കാർഡുകൾ, എക്സ്ചേഞ്ച് ഓഫിസുകളിൽ നിന്നുള്ള രസീതുകൾ, 5,000 ദീനാർ എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. പണം വിദേശത്തേക്ക് കൈമാറാനായിരുന്നു ഇയാളുടെ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് ബയോമെട്രിക് ഡേറ്റ സഹായകമായി.
കൂടുതൽ അന്വേഷണത്തിൽ അതിർത്തി കടന്നുള്ള ക്രിമിനൽ സിൻഡിക്കേറ്റിന്റെ ഭാഗമാണ് പ്രതിയെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി കുവൈത്തിന് പുറത്തേക്ക് പണമടയക്കുന്ന ഒരു വസ്ത്ര കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് ഏഷ്യൻ പൗരന്മാരുമായി ചേർന്നായിരുന്നു തട്ടിപ്പെന്നും തെളിഞ്ഞു. തുടർന്ന് ഖൈതാനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു.
അനധികൃത ഫണ്ട് കൈമാറ്റത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. കുറ്റകൃത്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മറച്ചുവെക്കാനായിരുന്നു കമ്പനി ഉപയോഗപ്പെടുത്തിയിരുന്നത്. പുറം രാജ്യത്തു നിന്ന് പ്രവർത്തിക്കുന്ന സംഘത്തെയും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ വിദേശ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തിച്ചുവരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളികളെ കണ്ടെത്താൻ ബയോമെട്രിക് പരിശോധന ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും. രാജ്യത്ത് സുരക്ഷയും സാമ്പത്തിക സമഗ്രതയും ഉറപ്പാക്കുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

