വിമാന ടിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നിലയിൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നിലയിൽ. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബർ ആദ്യ രണ്ടാഴ്ചകളിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടുലക്ഷം വരെയാണ്.
മാസങ്ങൾക്കു ശേഷം നേരിട്ടുള്ള വിമാന സർവിസിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആഴ്ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയിൽ 5528 സീറ്റ് ആണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി ഇന്ത്യൻ വിമാനക്കമ്പനികൾക്കും പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടുകയുമാണ്.
ഇന്ത്യൻ വിമാനക്കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പു മേധാവി യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവിസ് ആരംഭിക്കുന്നത്.
ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ് േക്വാട്ട നിശ്ചയിച്ചത്. നാട്ടിൽനിന്ന് കുവൈത്തിലെത്തൽ അത്യാവശ്യമായിട്ടുള്ള പതിനായിരങ്ങൾ കാത്തിരിക്കുന്ന അവസ്ഥയിൽ േക്വാട്ട വർധിപ്പിച്ചാലേ ടിക്കറ്റ് നിരക്ക് കുറയൂ.

