ഏഷ്യൻ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്; ഖത്തറിനെ വീഴ്ത്തി ബഹ്‌റൈൻ ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന 22ാമത് ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈന് കിരീടം. ഫൈനലിൽ ഖത്തറിനെ 29-26ന് പരാജയപ്പെടുത്തിയാണ് നേട്ടം. ആദ്യ പകുതി 14-11ന് മുന്നിട്ടുനിന്ന ബഹ്‌റൈൻ രണ്ടാം പകുതിയിൽ അൽപം പതറിയതോടെ മത്സരം 24-24ന് സമനിലയിൽ പിരിഞ്ഞു. ഇതോടെ അധിക സമയത്തിലേക്ക് നീണ്ട കലാശപ്പോരാട്ടത്തിൽ 29-26 എന്ന സ്‌കോറിനാണ് ബഹ്‌റൈൻ കന്നിക്കിരീടം സ്വന്തമാക്കിയത്.
അഞ്ച് തവണ ഫൈനലിൽ കിരീടം കൈവിട്ടതിന് ശേഷമാണ് ബഹ്‌റൈന്റെ ഈ സുവർണ നേട്ടം. 2025ൽ ചുമതലയേറ്റ ഹെഡ് കോച്ച് റോബർട്ട് ഹെഡിന്റെ കീഴിൽ ടീം നടത്തിയ അസാമാന്യ മുന്നേറ്റമാണ് ഈ കിരീടനേട്ടത്തിന് പിന്നിൽ.
മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫിൽ ജപ്പാനെ 33-32 എന്ന സ്കോറിന് പരാജയപ്പെടുത്തി കുവൈത്ത് വെങ്കല മെഡൽ സ്വന്തമാക്കി. ബഹ്‌റൈനായി ക്യാപ്റ്റൻ ഹുസൈൻ അൽ സയ്യിദ്, മുഹമ്മദ് ഹബീബ് നാസർ എന്നിവർ 7 ഗോളുകൾ വീതം നേടി. ജാസിം ഖമീസ്, സൽമാൻ അൽ ഷുവൈക്ക് എന്നിവർ 6 ഗോളുകൾ വീതവും സ്വന്തമാക്കി. മുഹമ്മദ് ഹബീബ് നാസറാണ് ടൂർണമെന്റിലെ മികച്ച ‘പ്ലേ മേക്കർ’. ചാമ്പ്യൻഷിപ്പിൽ ആദ്യ നാലുസ്ഥാനങ്ങൾ നേടിയ ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജപ്പാൻ എന്നിവ 2027ൽ ജർമനിയിൽ നടക്കുന്ന ലോകകപ്പിന് ഏഷ്യയിൽനിന്ന് യോഗ്യത നേടി.
കുവൈത്ത് വാർത്താവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഇസ ബിൻ അലി എന്നിവർ മത്സരം വീക്ഷിക്കാനെത്തിയിരുന്നു. കായിക ഭൂപടത്തിൽ ഈ ബഹ്‌റൈന്റെ വിജയം പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

