ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ രണ്ട് വെള്ളി കൂടി കരസ്ഥമാക്കി കുവൈത്ത്
text_fieldsതലാൽ അൽ റാഷിദി, അൽ മുദാഫ് ഖാലിദി, അബ്ദുറഹ്മാൻ അൽ ഫൈദി
കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മികച്ച പ്രകടനം തുടർന്ന് കുവൈത്ത്. ട്രാപ് ഇനത്തിൽ പുരുഷ വ്യക്തിഗത, ടീം വിഭാഗത്തിൽ വെള്ളി കരസ്ഥമാക്കിയതോടെ രാജ്യത്തിന്റെ മെഡൽ നേട്ടം അഞ്ചായി. തലാൽ അൽ റാഷിദി വ്യക്തിഗത വിഭാഗത്തിലും തലാൽ അൽ റാഷിദി-അൽ മുദാഫ് ഖാലിദി-അബ്ദുറഹ്മാൻ അൽ ഫൈദി സഖ്യം ടീം ഇനത്തിലുമാണ് നേട്ടം കൊയ്തത്. കുവൈത്തിനായി ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തിൽ സ്വർണവും സ്കീറ്റ് മിക്സഡ് ടീം വിഭാഗത്തിൽ വെള്ളിയും നേടിയ അബ്ദുല്ല അൽ റാഷിദിയുടെ മകനാണ് 30കാരനായ തലാൽ അൽ റാഷിദി.
ഇരുവരും ചേർന്ന് നാല് മെഡലുകളാണ് കുവൈത്തിന് സമ്മാനിച്ചത്. പിതാവിനെ പോലെ 2024ലെ പാരിസ് ഒളിമ്പിക്സിൽ മെഡൽ ലക്ഷ്യമിടുകയാണ് തലാലും. ട്രാപ് ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തിൽ ചൈനയുടെ ക്വി യങ്ങാണ് സ്വർണം നേടിയത്. ഇന്ത്യയുടെ ചെനായ് കിനൻ ഡാരിയസ് വെങ്കലവും കരസ്ഥമാക്കി. ടീം ഇനത്തിൽ തലാലിനൊപ്പമുണ്ടായിരുന്ന മുദാഫ് ഖാലിദി ആറാമതെത്തി. ട്രാപ് ഷൂട്ടിങ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര് സിങ് എന്നിവർ സ്വർണം നേടി. ഈ ഇനത്തിൽ ചൈനക്കാണ് വെങ്കലം.
കായിക താരങ്ങളുടേത് മികച്ച നേട്ടം -വാണിജ്യ വ്യവസായ മന്ത്രി
കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ കായിക താരങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ-ഇബാൻ പറഞ്ഞു. മെഡൽനേട്ടം എല്ലാ കുവൈത്ത് ജനതയെയും സന്തോഷിപ്പിക്കുന്നു.
മെഡൽ ജേതാക്കളായ അബ്ദുല്ല അൽ റഷീദി, ഇമാൻ അൽ-ഷമാ, യൂസഫ് അൽ-ഷംലാൻ എന്നിവരുമായി നാട്ടിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡൽ ജേതാക്കൾക്ക് സ്വീകരണവും നൽകി. മത്സരങ്ങൾക്ക് മുന്നോടിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയത് കായിക താരങ്ങൾക്ക് വലിയ പ്രോത്സാഹനമായെന്നും അൽ-ഇബാൻ പറഞ്ഞു.
മുഹമ്മദ് അൽ-ഇബാൻ