ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsകുവൈത്തിൽ നടക്കുന്ന ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
കുവൈത്ത് സിറ്റി: ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം. ശനിയാഴ്ച തുടങ്ങിയ ചാമ്പ്യൻഷിപ് ഈ മാസം 27 വരെ തുടരും. മുശ് രിഫ് അന്താരാഷ്ട്ര എക്സിബിഷൻ ഗ്രൗണ്ടിലെ ഹാൾ നമ്പർ നാലിലാണ് മത്സരങ്ങൾ നടക്കുന്നത്. 36 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 320 കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നുണ്ട്. ഗൾഫ് മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും പ്രധാന ഫെൻസിങ് മത്സരമാണ് ഇതെന്ന് കുവൈത്ത് ഫെൻസിങ് അസോസിയേഷൻ സെക്രട്ടറിയും ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ് ഡയറക്ടർ ജനറലുമായ ഹമദ് അൽ അവാദി പറഞ്ഞു.
ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, ഹോങ്കോങ്, കസാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫെൻസിങ് ചാമ്പ്യന്മാർ ടൂർണമെന്റിലുണ്ട്. അന്താരാഷ്ട്ര റാങ്കിങ് മെച്ചപ്പെടുത്തൽ, ഈ വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിനുള്ള തയാറെടുപ്പ് എന്നീ നിലകളിൽ താരങ്ങൾ പ്രാധാന്യത്തോടെയാണ് ചാമ്പ്യൻഷിപ്പിനെ കാണുന്നത്. പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയ യൂസഫ് അൽ ഷംലാൻ ഉൾപ്പെടെ 24 കുവൈത്ത് അത്ലറ്റുകൾ മത്സര രംഗത്തുണ്ട്. ഇറ്റലിയിൽ പരിശീലന ക്യാമ്പിന് ശേഷമാണ് കുവൈത്ത് ദേശീയ ഫെൻസിങ് ടീം ചാമ്പ്യൻഷിപ്പിനിറങ്ങുന്നത്.

