ഏഷ്യൻ കപ്പ് അണ്ടർ 23 യോഗ്യത റൗണ്ട്; ഈസ്റ്റ് തിമൂറിനെ തകർത്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ അണ്ടർ 23 യോഗ്യത റൗണ്ട് ഗ്രൂപ് എഫിൽ കുവൈത്തിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ ഈസ്റ്റ് തിമൂറിനെ 4-0ന് തകർത്തു. ബുധനാഴ്ച രാത്രി കുവൈത്ത് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഏഴാം മിനിറ്റിൽ ഹമദ് അൽ തവീലിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തിയ കുവൈത്ത്, ആദ്യ പകുതി അവസാനിക്കാനിരിക്കെ മിഡ്ഫീൽഡർ തലാൽ അൽ ക്വയ്സിയുടെ ഗോളിലൂടെ സ്കോർ 2-0 ആക്കി ഉയർത്തി.
രണ്ടാം പകുതിയുടെ 53ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് മൊഹ്സെൻ ഫലാഹ് മൂന്നാമത്തെ ഗോൾ നേടി. ഇതോടെ തിമൂറിന് തിരിച്ചുവരാമെന്ന പ്രതീക്ഷ പോലും ഇല്ലാതായി. പകരക്കാരനായി ഇറങ്ങിയ സൽമാൻ ആൽബൗസ് 80ാം മിനിറ്റിൽ നാലാമത്തെ ഗോളും നേടി.
ഗ്രൂപ് എഫിലെ മറ്റൊരു ഏറ്റുമുട്ടലിൽ ഇറാഖ് മക്കാവോയെ 13-0ന് തകർത്ത് ഒന്നാമതെത്തി. കുവൈത്താണ് രണ്ടാമത്.
ശനിയാഴ്ച കുവൈത്ത് മക്കാവോയെയും ഇറാഖ് ഈസ്റ്റ് തിമൂറിനെയും നേരിടും. 12ന് ഇറാക്കുമായാണ് അവസാന മത്സരം.

