ഏഷ്യൻ കപ്പ് ഫുട്സാൽ കുവൈത്തിന് വിജയത്തുടക്കം
text_fieldsഎ.എഫ്.സി ഫുട്സാൽ എഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത്-ഒമാൻ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: സ്വന്തം കാണികൾക്കു മുന്നിൽ ഉജ്ജ്വല ജയത്തോടെ കുവൈത്ത് എ.എഫ്.സി ഫുട്സാൽ എഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ വരവറിയിച്ചു. ഒമാനെ 7-2ന് തകർത്താണ് കുവൈത്ത് ആദ്യ ജയം ആഘോഷിച്ചത്.
മത്സരത്തിലുടനീളം മികച്ച കളി കെട്ടഴിച്ച കുവൈത്ത് നവാഗതരായ ഒമാനെ നിഷ്പ്രഭരാക്കി. രണ്ടു ഗോളുകൾ നേടിയ കുവൈത്തിന്റെ അബ്ദുറഹ്മാൻ അൽതവൈൽ ആണ് കളിയിലെ താരം.
2014ൽ നാലാം സ്ഥാനത്തെത്തിയതിനുശേഷം ആദ്യമായി മത്സരത്തിൽ പങ്കെടുക്കുന്ന കുവൈത്ത് സാദ് അൽ അബ്ദുല്ല ഹാളിൽ നിറഞ്ഞ ആരാധകർക്ക് മുന്നിൽ വൻ മാർജിന് ജയിച്ചാണ് തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. വലിയ ഗോൾ ശരാശരിയിലുള്ള വിജയം ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഇതേ ഫോം നിലനിർത്തി വിജയം തുടരാനാണ് ടീമിന്റെ ശ്രമം. മികച്ച വിജയം നേടിയ ടീമിനെ കോച്ച് അഭിനന്ദിച്ചു. ആദ്യ മത്സരത്തിലെ വിജയത്തോടെ എ ഗ്രൂപ്പിൽ കുവൈത്ത് ഒന്നാമതെത്തി. വ്യാഴാഴ്ച തായ്ലൻഡിനെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. ഒക്ടോബർ ഒന്നിന് ഇറാഖിനെയും നേരിടും. ഒക്ടോബർ നാലിന് ക്വാർട്ടർ ഫൈനലും ആറിന് സെമി ഫൈനലും എട്ടിന് ഫൈനലും നടക്കും. ഇറാനാണ് നിലവിലെ ചാമ്പ്യന്മാർ.

