പ്രസിഡന്റ് അഹ്മദ് അശ്ശർഅ് കുവൈത്തിലെത്തി; സിറിയയുടെ സ്ഥിരതയും ഐക്യവും നിലനിർത്തുന്നതിന് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: സിറിയയുടെ സ്ഥിരതയും ഐക്യവും നിലനിർത്തുന്നതിന് കുവൈത്തിന്റെ പിന്തുണ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രത്തലവൻമാർ തമ്മിലുള്ള ചർച്ചകളിൽ തീരുമാനമെടുത്തു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശർഉം കുവൈത്ത് നേതൃത്വവും നടത്തിയ ചർച്ചകളിലാണ് പിന്തുണ.
ഞായറാഴ്ച രാവിലെയാണ് സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശർഅ് കുവൈത്തിലെത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദർശനമാണിത്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അഹ്മദ് അശ്ശർഅ് ഔദ്യോഗിക ചർച്ചനടത്തി.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസു ഫ് സഊദ് അസ്സബാഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ, ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽ ശൈബാനി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി. കുവൈത്തും സിറിയയും തമ്മിൽ സാധ്യമായ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ചർച്ച മുൻതൂക്കം നൽകി.
സിറിയയുടെ സ്ഥിരതയും ഐക്യവും നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് മേഖലാതലത്തിലും അന്തർദേശീയതലത്തിലുമുള്ള ഏകോപന ശ്രമങ്ങളും വിലയിരുത്തി. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ഇരുവിഭാഗവും ചർച്ച ചെയ്തതായി അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് പറഞ്ഞു. സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശർഇനും പ്രതിനിധി സംഘത്തിനും അമീർ ബയാൻ പാലസിൽ ഉച്ചഭക്ഷണ വിരുന്നും നൽകി. നേരത്തെ സിറിയൻ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

