ഒരാൾ കത്തുന്ന പല നിറങ്ങൾ:വർണങ്ങളുടെ തീക്ഷ്ണതയിൽ ഉത്തമെൻറ ചിത്രങ്ങൾ
text_fieldsഅബ്ബാസിയ: വർണങ്ങളുടെ തീക്ഷ്ണത കൊണ്ട് ആശയപ്രപഞ്ചം തീർത്ത് ചിത്രകാരനും കവിയുമായ ഉത്തമൻ വളത്തുകാടിെൻറ ചിത്രപ്രദർശനം ശ്രദ്ധേയമായി. ‘ഒരാൾ കത്തുന്ന പല നിറങ്ങൾ’ എന്ന തലക്കെട്ടിലായിരുന്നു കവിയും ചിത്രകാരനുമായ ഉത്തമൻ വളത്തുകാടിെൻറ ചിത്രപ്രദർശനം. പേരുപോലെ തന്നെ നിറങ്ങളായി കത്തിപ്പടർന്ന 18 വർഷത്തെ പ്രവാസാനുഭവങ്ങളായിരുന്നു ഓരോ ചിത്രവും. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനം കാണാൻ പൊടിക്കാറ്റ് നിറഞ്ഞ കാലാവസ്ഥയിലും നിരവധിയാളുകൾ പ്രദർശനം കാണാൻ എത്തി. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെ നടന്ന പ്രദർശനം സാലിഹ് അബ്ദുല്ല സാലിം ഉദ്ഘാടനം ചെയ്തു. 25 എണ്ണച്ചായ ചിത്രങ്ങളും നാലു ശിൽപങ്ങളുമാണുണ്ടായിരുന്നത്.
ഏറ്റവും സാധാരണക്കാരോട് പോലും സംവദിക്കാൻ കഴിയുന്നവിധം ലളിതമെങ്കിലും ആഴവും തീക്ഷ്ണതയുമുള്ളതായിരുന്നു ചിത്രങ്ങൾ. ‘വെയിൽ പുറം’, ‘പള്ളിയുടൽ’, ‘ഏകാന്തം’, ‘പുലരി’, ‘നമ്മൾ തനിയെ’, ‘എല്ലാം കഴിഞ്ഞ്’, ‘ആറാം നമ്പർ റോഡ്’, ‘ഡാൻസിങ് ഗേൾസ്’, ‘ജീവിതം’ ‘പുതപ്പ്’, ‘സ്റ്റിൽ ലൈഫ്’ തുടങ്ങിയ ചിത്രങ്ങളോരോന്നും കലാകാരെൻറ ഉള്ളുകത്തലിെൻറ വേവും നോവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർക്കൊപ്പം ചിത്രപ്രദർശനം നടത്തിയിട്ടുള്ള ഉത്തമെൻറ കുവൈത്തിലെ ആദ്യ ചിത്രപ്രദർശനമായിരുന്നു ഇത്. കുവൈത്തിലെ കലാസാംസ്കാരികരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ചുറ്റുവട്ടത്തെ ഇത്തിരിക്കാഴ്ചകളിൽ വലിയ അർഥങ്ങൾ കണ്ടെത്തുന്ന രചനകൾ ചിത്രകാരെൻറ സാമൂഹിക കാഴ്ചപ്പാടുകൾ കൂടി വരച്ചുകാട്ടുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
