എത്തിയത് വീട്ടമ്മയുടെ വിസയിൽ; ജോലി ‘ഡോക്ടർ’; ക്ലിനിക്കും ചികിത്സയും നടത്തിയ വനിത പിടിയിൽ
text_fieldsപിടിയിലായ വ്യജ ഡോക്ടറും പിടിച്ചെടുത്ത മരുന്നുകളും
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ലൈസൻസില്ലാതെ മെഡിക്കൽ ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തിവന്ന മലയാളി വനിത അറസ്റ്റിൽ. കുവൈത്തിൽ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കൽ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പിനു കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജലീബ് അൽഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്.
വിവിധ മരുന്നുകൾ, രക്ത സമ്മർദ്ദം പരിശോധിക്കുന്ന മോണിറ്ററുകൾ, സ്റ്റെതസ്കോപ്പ് എന്നിവ ക്ലിനിക്കിൽനിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം മാത്രം വിതരണം ചെയ്ത മെഡിക്കൽ വസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്സ്യൂളുകളും കണ്ടെത്തി.
ഔപചാരിക മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെയാണ് ചികിത്സ നടത്തിവന്നിരുന്നതെന്ന് സ്ത്രീ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദേശത്തുനിന്ന് ചില മരുന്നുകൾ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളിൽനിന്ന് വാങ്ങിയതായും വ്യക്തമാക്കി.
നേരത്തെ അബ്ബാസിയയിൽ താമസിച്ചിരുന്ന ഇവർ ഫ്ലാറ്റിൽ ചികിത്സ നടത്തിയിരുന്നു. പിന്നീട് സാൽമിയയിലേക്ക് താമസം മാറ്റുകയും അബ്ബാസിയയിൽ നിയമവിരുദ്ധമായി ഹോമിയോ ക്ലിനിക്ക് ആരംഭിക്കുകയുമായിരുന്നു. കൺസൽട്ടേഷന് ഒരാളിൽനിന്ന് അഞ്ച് ദീനാറാണ് ഫീസ് ഈടാക്കിയിരുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

