വീട്ടുജോലിക്കാർക്ക് ഡിസംബർ ഏഴുമുതൽ വരാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികൾക്ക് ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകി. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇരിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. വിമാന ടിക്കറ്റിെൻറയും ക്വാറൻറീനിെൻറയും ചെലവ് സ്പോൺസർ വഹിക്കണം. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. സ്പോൺസർ വഹിക്കേണ്ട ചെലവ് രണ്ടു തവണയായി നൽകിയാൽ മതിയാവും എന്നാണ് വിവരം.
വിമാന ടിക്കറ്റ് തുക ആദ്യം നൽകുകയും ക്വാറൻറീൻ ചെലവ് രണ്ടാം ഘട്ടമായി തൊഴിലാളി ഇവിടെ എത്തിയതിന് ശേഷവും നൽകുക എന്ന രീതിയിലാണ് ക്രമീകരണം. ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകിയ സ്ഥിതിക്ക് ഇനി ബന്ധപ്പെട്ട വകുപ്പുകൾ അതനുസരിച്ച് പദ്ധതി തയാറാക്കും. അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പദ്ധതി തയാറാക്കിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക.
ഇന്ത്യയിൽനിന്നുള്ളവർക്കാണ് ആദ്യ പരിഗണന. ഇഖാമ കാലാവധിയുള്ളവരെയാണ് ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. ഇതിനായി സ്പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് പ്രത്യേക വിമാന സർവീസുകൾ നടത്തുക. സ്പോൺസർമാർക്ക് രജിസ്റ്റർ ചെയ്യാനുള്ള ഒാൺലൈൻ പ്ലാറ്റ്ഫോം അടുത്ത ദിവസം തയാറാക്കും.
പ്രതിദിനം 600 വരെ ജോലിക്കാരെ കൊണ്ടുവരാനാണ് അധികൃതർ ശ്രമിക്കുന്നത്. അവധിക്ക് പോയ വീട്ടുജോലിക്കാർക്ക് തിരിച്ചുവരാൻ കഴിയാത്തത് ഇൗ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകിയത്. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ് തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

