കാറുകൾ വാടകക്കെടുത്ത് പൊളിച്ചുവിൽക്കുന്ന സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര കാറുകൾ വാടകക്കെടുത്ത് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ. കുവൈത്ത് പ്രവാസം സ്ഥിരമായി അവസാനിപ്പിച്ചുപോകുന്ന വിദേശികളുടെ പേരിൽ കാർ വാടകക്കെടുക്കുകയും പൊളിച്ചുവിൽക്കുകയുമാണ് സംഘത്തിന്റെ രീതി.
സബാഹ് അൽസാലിമിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് രണ്ടാഴ്ച മുമ്പാണ് തട്ടിപ്പ് സംബന്ധിച്ച് സൂചന ലഭിച്ചത്. സ്ഥിരമായി രാജ്യം വിടാൻ തയാറെടുക്കുന്ന പ്രവാസിയെ ഏകദേശം 14,000 ദീനാർ വിലമതിക്കുന്ന കാർ വാടകക്കെടുക്കാൻ പ്രേരിപ്പിച്ചു. പ്രതിഫലമായി 1000 ദീനാറും നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റ് ചെലവും നൽകി.
അന്വേഷണ ഭാഗമായി ഉദ്യോഗസ്ഥർ കാർ വാങ്ങാനെത്തിയവരായി നടിച്ച് സംഘാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സാൽമിയയിൽ നടന്ന കൂടിക്കാഴ്ചയിൽ കാർ 7,000 ദീനാറിന് വിൽക്കാൻ സംഘം സമ്മതിച്ചു. യഥാർഥ വിലയുടെ പകുതിക്ക് ഇടപാട് നടന്നതിനു തൊട്ടുപിന്നാലെ മൂന്ന് പ്രതികളെയും കഫെയിൽനിന്ന് അറസ്റ്റ് ചെയ്തു.
പിന്നീട് ചോദ്യം ചെയ്യലിലാണ് വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. സ്ഥിരമായി രാജ്യം വിടുന്ന പ്രവാസികളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പ്രതികൾ വിശദീകരിച്ചു. എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ കാർ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളിൽ പോയി പത്തുദിവസത്തേക്ക് വാടകക്ക് എടുപ്പിക്കുന്നത്.
പ്രവാസികൾ നാട്ടിൽ പോയ ശേഷമാണ് സംഘം പൊളിച്ചുവിൽക്കാനായി മറ്റൊരു സംഘത്തിന് കൈമാറുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് സംഘത്തിന്റെ പക്കലുണ്ടായിരുന്ന കാർ രാജ്യം വിട്ടുപോയ പ്രവാസിയുടെ പേരിൽ വാടകക്കെടുത്തതാണെന്ന് പൊലീസിനോട് സമ്മതിച്ചു.
സംഘത്തിന്റെ പ്രവർത്തനം കൂടുതൽ മനസ്സിലാക്കാനും ബന്ധമുള്ള മറ്റുള്ളവരെ പിടികൂടാനും അധികൃതർ അന്വേഷണം വിപുലീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

