സംഘാടനത്തിന് കൈയടി അറേബ്യൻ ഗൾഫ് കപ്പ്
text_fieldsഅറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായ ബഹ്റൈൻ കിരീടവുമായി
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിന്റെ മികച്ച സംഘാടനത്തിന് കുവൈത്തിന് കൈയടി. ദിവസങ്ങൾ നീണ്ട ടൂർണമെന്റിൽ മികച്ച സൗകര്യങ്ങളോടെയാണ് കുവൈത്ത് പങ്കാളികളായ ടീമുകളെയും ഫുട്ബാൾ പ്രേമികളെയും സ്വാഗതം ചെയ്തത്. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വേണ്ടി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഫൈനൽ സമാപന ചടങ്ങിൽ പങ്കെടുത്തു.
ടൂർണമെന്റിന്റെ വിജയകരമായ സംഘാടനത്തിനും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിച്ചതിനും അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ ഉദ്യോഗസ്ഥർക്കും ആരാധകർക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ സാന്നിധ്യവും ഫൈനലിലുണ്ടായി.
വിവിധ പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ട്രോഫി പ്രദർശനം എന്നിവയുൾപ്പെടെ ആവേശകരമായ സമാപന ചടങ്ങാണ് മത്സരത്തിന് മുന്നോടിയായി നടന്നത്. ഗൾഫ് ഫുട്ബാൾ ഇതിഹാസങ്ങളെ ചടങ്ങിൽ കിരീടാവകാശി ആദരിച്ചു.
അറബ് മേഖലയുടെ സാഹോദര്യത്തിന്റെയും, ഐക്യം, സാംസ്കാരിക സാമൂഹിക പൈതൃകം എന്നിവയുടെയും വേദികൂടിയായി ടൂർണമെന്റ്. എല്ലാ മത്സരങ്ങൾക്കും സുലൈബിക്കാത്തിലും ജാബിർ സ്റ്റേഡിയത്തിലും ഫുട്ബാൾ പ്രേമികൾ കളിക്കാർ പൂർണപിന്തുണയുമായി വന്നെത്തുകയുമുണ്ടായി. ഗൾഫ് രാജ്യങ്ങളുടെ ആഘോഷമായി ഓരോ മത്സരങ്ങളെയും ആരാധകർ എറ്റെടുത്തു.
മത്സരത്തിനിടെ സ്റ്റേഡിയങ്ങൾ അതത് പ്രദേശത്തിന്റെ ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ഉത്സവ വേദികളായും മാറി. മത്സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നും ഫുട്ബാൾ പ്രേമികളും കുവൈത്തിലേക് ഒഴുകിയെത്തി. വർണാഭമായ പതാകകളും പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച് എത്തിയ ആരാധകർ മത്സരങ്ങളെ വർണാഭമാക്കി. ഇറാഖ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി ആയിരങ്ങളാണ് മത്സരം ആസ്വദിക്കാനായി കുവൈത്തിലത്തിയത്. ഫൈനലിൽ ഒമാനെ 2-1ന് തകർത്താണ് ബഹ്റൈൻ ജേതാക്കളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

