ചക്രക്കസേരയിൽ ആവേശത്തോടെ... അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsകുവൈത്ത്-ലബനാൻ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: എട്ട് ടീമുകൾ പങ്കെടുക്കുന്ന അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിന് കുവൈത്തിൽ തുടക്കമായി. കുവൈത്ത്, ലബനാൻ,ബഹ്റൈൻ,യു.എ.ഇ,മൊറോക്കോ, ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ എറ്റുമുട്ടുന്നത്. ആദ്യ ദിനത്തിൽ കുവൈത്ത് വിജയത്തോടെ തുടക്കമിട്ടു. ലബനാനെയാണ് തോൽപിച്ചത്. ബഹ്റൈനെ തോൽപിച്ച് യു.എ.ഇയും വിജയത്തോടെ തുടങ്ങി. മൊറോക്കോയെ തോൽപിച്ച് ഈജിപ്തും ജോർഡനെ കീഴടക്കി ഫലസ്തീനും ആദ്യ ദിനത്തിൽ ജേതാക്കളായി.
അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകൾ
കായിക താരങ്ങളെ പിന്തുണക്കുന്നതിനും പ്രാപ്തമാക്കുന്നതിനും എല്ലാ ഊർജവും ഉപയോഗപ്പെടുത്തുമെന്ന് പബ്ലിക്ക് സ്പോർട്സ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഫൈസൽ അൽ യതീം ഉദ്ഘാടന സെഷനിൽ പറഞ്ഞു. വൈകല്യമുള്ളവർക്ക് അവർക്ക് പ്രിയപ്പെട്ട ഗെയിമുകളിൽ പരിശീലനം നൽകും. രാജ്യത്തിനായി ഭിന്നശേഷിക്കാർ കൈവരിച്ച നേട്ടങ്ങൾ അഭിമാനകരവും നിശ്ചയദാർഢ്യമുള്ള യുവതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനെയും മത്സരങ്ങളിൽ പങ്കെടുക്കുന്നവരെയും അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ തുടർച്ചയായ സ്പോൺസർഷിപ് കായികരംഗത്ത് ഭിന്നശേഷിക്കാരുടെ മികവിനും നിരവധി നേട്ടങ്ങൾക്കും കാരണമായി.ചാമ്പ്യൻഷിപ്പിന്റെ സ്പോൺസർഷിപ്പിന് മന്ത്രി അൽമുതൈരിയോട് നന്ദി അറിയിക്കുന്നതായും ഫൈസൽ അൽ യതീം പറഞ്ഞു. ചാമ്പ്യൻഷിപ് തിങ്കളാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

