മാധ്യമങ്ങളുടെ ഭാവിയും നിലനിൽപും ചർച്ചചെയ്ത് അറബ് മീഡിയ ഫോറം
text_fieldsഅറബ് മീഡിയ ഫോറത്തിൽ സംസാരിക്കുന്ന പ്രതിനിധി
കുവൈത്ത് സിറ്റി: മാധ്യമങ്ങളുടെ ഭാവിയും നിലനിൽപും ചർച്ചചെയ്തു 18ാമത് അറബ് മീഡിയ ഫോറം കോൺഫറൻസിന് കുവൈത്തിൽ തുടക്കമായി. മാധ്യമമേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളെ ബാധിക്കുമെന്ന് സൗദി ഒകാസ് ദിനപത്രത്തിന്റെ ചീഫ് ഇൻ എഡിറ്റർ ജമീൽ അൽ തെയാബി ഒരു സെഷനിൽ പറഞ്ഞു. അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ അംബാസഡർ അഹ്മദ് ഖിതാബി ഉൾപ്പെടെ നിരവധി പ്രമുഖർ ആദ്യദിനം സംസാരിച്ചു. നവ ഡിജിറ്റൽ മാധ്യമങ്ങളുടെ വെല്ലുവിളികൾ നേരിടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിൽ അറബ് മാധ്യമങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അൽ റായ് പത്രത്തിന്റെ ചീഫ് ഇൻ എഡിറ്റർ വലീദ് അൽ ജാസിം പറഞ്ഞു. വികസനത്തിനും സർഗാത്മകതക്കും വേണ്ടിയുള്ള ഏതൊരു പദ്ധതിയുടെയും അവിഭാജ്യ ഘടകമാണ് സ്വാതന്ത്ര്യം എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ മാധ്യമങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സ്വാതന്ത്ര്യത്തിന് ഉയർന്ന പരിധിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ മീഡിയയിലെ വരാനിരിക്കുന്ന പരിവർത്തനത്തിനായി പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർ തയാറെടുക്കേണ്ടതുണ്ടെന്ന് ഒമാനിലെ അൽ റുയ പത്രത്തിന്റെ ചീഫ് ഇൻ എഡിറ്റർ ഹതേം അൽ തായ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമ കമ്പനികൾക്ക് ഫീസ് ഏർപ്പെടുത്താൻ അറബ് ലീഗിനോട് അൽ തായ് ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി സെന്റ് റെജിസ് ഹോട്ടലിൽ നടക്കുന്ന കോൺഫറൻസ് തിങ്കളാഴ്ച സമാപിക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന 14 സെമിനാറുകൾ കോൺഫറൻസിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

