അറബ്-ഇസ്ലാമിക് ഉച്ചകോടി; പൂർണ പിന്തുണ അറിയിച്ച് കുവൈത്ത്
text_fieldsഅറബ്-ഇസ്ലാമിക് ഉച്ചകോടിക്കെത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ
ഹമദ് അൽ മുബാറക് അസ്സബാഹ് ജി.സി.സി പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ഖത്തർ ആക്രമണ പശ്ചാത്തലത്തിൽ ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുത്ത് കുവൈത്ത്. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.
ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച കിരീടാവകാശി സുരക്ഷ, സ്ഥിരത, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും വ്യക്തമാക്കി.
അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പരമാധികാരം ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷക്ക് ഭീഷണിയും സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. അന്താരാഷ്ട്ര നിയമങ്ങൾ, തത്ത്വങ്ങൾ എന്നിവയോടുള്ള അവഗണനയാണിത്. ഇത് മുഴുവൻ മേഖലയെയും കുഴപ്പത്തിലേക്ക് തള്ളിവിടുന്നു.
അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗൺസിലിനോടും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ആക്രമണം തടയുന്നതിന് ഗൗരവമേറിയതും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാനും കിരീടാവകാശി ആവശ്യപ്പെട്ടു. ദേഹയിലെത്തിയ കിരീടാവകാശിയെ ഖത്തർ ഉന്നത നേതൃത്വം വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായും കിരീടാവകാശി സംസാരിച്ചു.
ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കുവൈത്ത് കിരീടാവകാശി ഖത്തറിലെത്തുന്നത്. ആക്രമണം നടന്നതിന് പിറ്റേദിവസം കിരീടാവകാശി ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കിരീടാവകാശിയുടെ ദിവാനിലെ ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.
ഫലസ്തീനിൽ തുടങ്ങി ഖത്തറിൽ വരെ നീളുന്ന അറബ് ലോകത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ദോഹയിലെ അറബ്-ഇസ്ലാമിക് ഉച്ചകോടി. ഖത്തറിനും ഫലസ്തീനുമുള്ള അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ ഐക്യദാർഢ്യമായി ഉച്ചകോടി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

