ആക്രമണത്തെ അപലപിച്ച് അറബ് വിദേശകാര്യ മന്ത്രിമാർ
text_fieldsകുവൈത്ത് സിറ്റി: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അറബ് വിദേശകാര്യ മന്ത്രിമാർ അപലപിച്ചു. ഇസ്രായേൽ നടപടി ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണവും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുമാണെന്നും വിശേഷിപ്പിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം കൈവരിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇസ്താംബൂളിൽ ചേർന്ന അസാധാരണ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു.ഇസ്തംബൂളിൽ ശനിയാഴ്ച നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുമ്പായിരുന്നു യോഗം. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മദ് സഫാദി അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിനും അനുസൃതമായ നയതന്ത്രവും സംഭാഷണവുമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. ഇതിനായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷ കൗൺസിലിനോടും യോഗം ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, സഹായം എത്തിക്കുക, വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ അധിനിവേശ നടപടികൾ നിർത്തുക എന്നിവയും ആവശ്യപ്പെട്ടു. അധിനിവേശം മേഖലയെ സംഘർഷത്തിലേക്കും പിരിമുറുക്കത്തിലേക്കും തള്ളിവിടുകയാണെന്ന് അറബ് വിദേശകാര്യ മന്ത്രിമാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

