വെല്ലുവിളികൾ നേരിടാൻ അറബ് ധനകാര്യ സ്ഥാപനങ്ങൾ ശ്രമം ഇരട്ടിയാക്കണം -ആക്ടിങ് പ്രധാനമന്ത്രി
text_fieldsകുവെത്തിൽ ചേർന്ന അറബ് ധനകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണത്തിന്റെയും സംയോജനത്തിന്റെയും പ്രാധാന്യം ഉണർത്തി ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്. കുവൈത്ത് ആതിഥേയത്വം വഹിച്ച അറബ് ധനകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 16-ാമത് പതിവ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വെല്ലുവിളികൾ നേരിടാൻ അറബ് ധനകാര്യ സ്ഥാപനങ്ങൾ ശ്രമങ്ങൾ ഇരട്ടിയാക്കാനും ഏകീകരണം വർധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് ഐക്യദാർഢ്യ മനോഭാവം വളർത്തിയെടുക്കൽ, മാറ്റങ്ങളുമായി പൊരുത്തപ്പെടൽ, അംഗരാജ്യങ്ങളുടെ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് എക്കാലത്തേക്കാളും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ഉണർത്തി.
സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് കൃത്രിമബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികസനം അവഗണിക്കാൻ കഴിയില്ല. ഇത് ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുന്നു. യുവാക്കളെ പിന്തുണക്കുന്നതിലും ശാക്തീകരിക്കുന്നതിലും മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിലും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിലും കുവൈത്ത് ഉറച്ച നിലപാട് സ്വീകരിക്കുന്നതായും വ്യക്തമാക്കി.
നിലവിലെ സംഭവവികാസങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ വ്യക്തമായി സ്വാധീനിക്കുന്നതായി ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ അൽ ഹബ്സി പറഞ്ഞു. ഇത് അറബ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായും സൂചിപ്പിച്ചു.
അറബ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

