ഫലസ്തീനെ പിന്തുണക്കൽ അറബ് സമൂഹത്തിന്റെ അചഞ്ചലമായ കടമ -മന്ത്രി
text_fieldsമന്ത്രി ഡോ. അംതാൽ അൽ ഹുവൈല അറബ് സാമൂഹിക മന്ത്രിമാരുടെ യോഗത്തിൽ
കുവൈത്ത് സിറ്റി: ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കുക എന്നത് മാനുഷിക പ്രതിബദ്ധത മാത്രമല്ലെന്നും അറബ് സമൂഹത്തിന്റെ അചഞ്ചലമായ കടമയാണെന്നും കുവൈത്ത് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല.
ഫലസ്തീൻ ജനതയെ ബാധിക്കുന്ന പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് കൂടുതൽ ഫലപ്രദവും സാമൂഹികവും മാനുഷികവുമായ പദ്ധതികൾ രൂപവത്കരിക്കുന്നതിന് സംയുക്ത അറബ് ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.
അമ്മാനിൽ നടന്ന അറബ് സാമൂഹിക മന്ത്രിമാരുടെ കൗൺസിലിന്റെ 45ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാദേശിക തലത്തിൽ സാമൂഹിക സംരക്ഷണം വർധിപ്പിക്കുന്നതിനും, ആവശ്യമുള്ള വിഭാഗങ്ങളെ പിന്തുണക്കുന്നതിനും, സാമൂഹിക ഐക്യദാർഢ്യം നിലനിർത്തുന്നതിനും കുവൈത്ത് വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഫലസ്തീൻ, യമൻ തുടങ്ങി സഹായം ആവശ്യമുള്ള നിരവധി രാജ്യങ്ങളിലെ സഹോദരങ്ങൾക്ക് മാനുഷികവും ദുരിതാശ്വാസപരവുമായ സഹായം കുവൈത്ത് നൽകിവരുന്നു.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ദുരിതാശ്വാസ ദൗത്യങ്ങളും മന്ത്രി സൂചിപ്പിച്ചു.
നിയമനിർമാണങ്ങളുടെ അപ്ഡേറ്റ്, ശാക്തീകരണ പരിപാടികളെ പിന്തുണക്കൽ, സാമൂഹിക സേവനങ്ങൾ വികസിപ്പിക്കൽ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ കുവൈത്ത് സാമൂഹിക കടമകൾ, മനുഷ്യ വികസനം എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഡോ. അംതാൽ അൽ ഹുവൈല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

