കേരള പ്രവാസി കമീഷൻ നിയമനം; ഹൈകോടതി നിർദേശത്തിൽ ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: കേരള പ്രവാസി കമീഷൻ നിയമനത്തിൽ കേരള ഹൈകോടതിയുടെ ഇടപെടൽ പ്രവാസികൾക്ക് ആശ്വാസമാകും. കേരള പ്രവാസി കമീഷൻ നിയമനവുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാനാണ് സംസ്ഥാന സർക്കാറിനോട് കേരള ഹൈകോടതിയുടെ നിർദേശം.
പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമീഷനിൽ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം നിയമനം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഹൈകോടതിയെ സമീപിച്ചത്. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും കേരള ഹൈകോടതിയുടെ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കേരള ഹൈകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായും പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമീഷന്റെ പ്രവർത്തനം ഈ കോടതി വിധി പ്രകാരം വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി പി.എൽ.സി കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ പറഞ്ഞു.
കേരളത്തിൽനിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി സ്ഥാപിതമായ പ്രവാസി കമീഷനിൽ ഒന്നര വർഷമായി അധ്യക്ഷനില്ല. അധ്യക്ഷനില്ലാത്തതിനാൽ കമീഷൻ പ്രവർത്തനം സ്തംഭിച്ചു. ഇതോടെ ആയിരത്തോളം പ്രവാസികളുടെ കേസുകളാണ് കെട്ടിക്കിടക്കുന്നത്.
പ്രവാസി മലയാളികളും അവരുടെ ബന്ധുക്കളും നാട്ടില്‍ അനുഭവിക്കുന്ന സിവിലും ക്രിമിനലുമായ പ്രശ്നങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് 2016ല്‍ അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ പ്രവാസി കമീഷന് സര്‍ക്കാര്‍ രൂപവത്കരിച്ചത്. തുടക്കത്തില്‍ കാര്യക്ഷമമായിട്ടായിരുന്നു കമീഷന്റെ പ്രവര്‍ത്തനം. എല്ലാ ജില്ലകളിലും കമീഷന് സിറ്റിങ്ങുകളും നടത്തിയിരുന്നു. എന്നാൽ, അധ്യക്ഷൻ ഇല്ലാത്തതിനാൽ എല്ലാ പ്രവർത്തനങ്ങളും നിലച്ചു..