അഴിമതിവിരുദ്ധ പോരാട്ടം വിളിച്ചോതി 'നസഹ' ശിൽപശാല
text_fieldsകുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) സംഘടിപ്പിച്ച അഴിമതി വിരുദ്ധ ശിൽപശാലയിൽ വൈസ് പ്രസിഡന്റ് കൗൺസിലർ നവാഫ് അൽ മുഹ്മൽ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നു
കുവൈത്ത് സിറ്റി: അഴിമതി കേസുകൾ ജനങ്ങൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ(നസഹ) ശിൽപശാലയും സിമ്പോസിയവും. നസഹ സംഘടിപ്പിച്ച ശിൽപശാലയിൽ രാജ്യത്തെയും അന്താരാഷ്ട്രതലത്തെയും നിരവധി നയതന്ത്രജ്ഞർ പങ്കെടുത്തു. കുവൈത്ത് അസോസിയേഷൻ ഫോർ പ്രൊട്ടക്ടിങ് പബ്ലിക് ഫണ്ടുമായി സഹകരിച്ചാണ് ഞായറാഴ്ച 'മോഷ്ടിച്ച പൊതുഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള അന്വേഷണവും തുടർനടപടികളും' എന്ന തലക്കെട്ടിൽ നസഹ പരിപാടി സംഘടിപ്പിച്ചത്. അഴിമതി കേസുകൾ സമൂഹത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചതോടൊപ്പം നസഹയുടെ വൈസ് പ്രസിഡന്റ് കൗൺസിലർ നവാഫ് അൽ മുഹ്മൽ വിഷയത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും ആമുഖ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
രാജ്യത്തെ പൊതുമേഖലയിൽ നടക്കുന്ന അഴിമതികൾ മൂടിവെക്കില്ലെന്നും ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി അലി അൽമൂസ വ്യക്തമാക്കിയതിന് പിന്നാലെയാണിപ്പോൾ വിഷയത്തിലൂന്നിയുള്ള ശിൽപശാലയും നടക്കുന്നത്. കാർഷിക, മത്സ്യവിഭവ അതോറിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസിൽ നസഹ നടപടികൾ കൈക്കൊള്ളുന്നത് വലിയ വാർത്തയായിരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് പരിപാടി നടക്കുന്നതെന്ന പ്രാധാന്യവുമുണ്ട്.
അഴിമതിക്കെതിരായ ഐക്യരാഷ്ട്രസഭ സമ്മേളനത്തിന്റെ തീരുമാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികളും അഴിമതി കുറ്റകൃത്യങ്ങളിൽനിന്ന് മോഷ്ടിച്ച ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രായോഗിക വശങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും രാജ്യത്ത് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നവാഫ് അൽമുഹ്മൽ പ്രഭാഷണത്തിൽ പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടത്തിൽ സാമൂഹിക അവബോധം സൃഷ്ടിച്ചെടുക്കുകയെന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നും രാജ്യത്തെ പൗരസമൂഹം അഴിമതിയെ നേരിടാൻ ദൃഢമായി പ്രവർത്തിക്കണമെന്നും മുഹ്മൽ ആവശ്യപ്പെട്ടു.
2006ലെ ഐക്യരാഷ്ട്ര സഭയുടെ അഴിമതിക്കെതിരെയുള്ള സമ്മേളന തീരുമാനം നടപ്പാക്കുന്നതിനായി രാജ്യത്തെ പൗരസമൂഹവുമായി കുവൈത്ത് ആന്റികറപ്ഷൻ അതോറിറ്റി എപ്പോഴും സഹകരിക്കുമെന്ന് കുവൈത്ത് അസോസിയേഷൻ ഫോർ പ്രൊട്ടക്ടിങ് പബ്ലിക് ഫണ്ട് ട്രഷറർ ഫഹദ് അൽനാസർ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊള്ളുകയും അവ രാജ്യത്ത് പ്രയോഗിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ ഖജനാവ് സംരക്ഷിക്കുന്നതിനായി സർക്കാർ ഒരു നിയമസംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും സമ്മേളനങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലൂടെ പൊതു സമൂഹവുമായും സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ച് മുന്നോട്ട് നീങ്ങാനുള്ള അവസരം നൽകി ജീവനക്കാരെ വികസിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമൂഹങ്ങളെയും അവരുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് അഴിമതിയെന്ന് കുവൈത്തിലെ അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷണറുടെ പ്രതിനിധി നസ്രീൻ റാബിയൻ ശിൽപശാലയിൽ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് അഴിമതിയെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

