വീണ്ടും ഫോൺവിളിച്ച് തട്ടിപ്പ്; പ്രവാസിക്ക് 400 ദീനാർ നഷ്ടപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വീണ്ടും ഫോൺവിളിച്ച് തട്ടിപ്പ്. സർക്കാർ ഏജൻസിയിൽനിന്നാണെന്ന് പറഞ്ഞ് വിളിച്ചയാൾ പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 400 കുവൈത്ത് ദീനാർ തട്ടിയെടുത്തു. അഹമ്മദി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതിയെത്തിയത്. സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ ഫോൺ വിളിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും സിവിൽ ഐഡിയും ബാങ്ക് കാർഡ് നമ്പറുകളും ആവശ്യപ്പെടുകയും ചെയ്തു.
വിവരങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് 400 ദീനാർ പിൻവലിച്ചതായി അറിയിച്ചുകൊണ്ട് പ്രവാസിക്ക് ബാങ്കിൽനിന്ന് സന്ദേശം ലഭിച്ചു. പരിഭ്രാന്തനായ അദ്ദേഹം ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അനധികൃത ഇടപാടുകൾ തടയുന്നതിനായി അക്കൗണ്ട് നിർജ്ജീവമാക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കാം
- വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, കാർഡുകളുടെ എക്സ്പയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും.
- സംശയാസ്പദമായ കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്.
- അറിയാത്ത നമ്പറുകളിൽ നിന്നുള്ള ടെക്സ്റ്റ് മെസേജിന് പ്രതികരിക്കരുത്.
- പണം നല്‍കാനായി ലിങ്കുകൾ ലഭിച്ചാൽ അവ തുറക്കരുത്.
- വ്യക്തിപരമോ, ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകൾ, സന്ദേശങ്ങൾ എന്നിവക്ക് മറുപടി നൽകേണ്ടതില്ല. ഇത്തരം നമ്പറുകൾ ഉടന്‍ ബ്ലോക്ക് ചെയ്യണം.
- തട്ടിപ്പുകള്‍ക്ക് ഇരയായാൽ ഉടനടി പരാതി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

