വീണ്ടും തീപിടിത്ത ദുരന്തം; ആറു മരണം; 15 പേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും തീപിടിത്ത അപകടം. ഞായറാഴ്ച പുലർച്ചെ റിഗ്ഗയിലെ പ്രവാസികൾ താമസിക്കുന്ന ഫ്ലാറ്റിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ നാലോടെയായിരുന്നു തീപിടിത്തം. മരിച്ചവർ ആഫ്രിക്കൻ സ്വദേശികളാണ്. തീപിടിത്തത്തിന് പിറകെ ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടിയത് അപകടനില വർധിപ്പിച്ചു. തീപിടിത്തത്തിൽ അപ്പാർടുമെന്റുകളിലെ വസ്തുക്കൾ പൂർണമായും കത്തിനശിച്ചു.
പരിക്കേറ്റവരിൽ പലർക്കും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിശമനസേന അറിയിച്ചു. അപകടത്തിന് പിറകെ ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി.
സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച സുരക്ഷിതമല്ലാത്ത പ്രവാസി ബാച്ച്ലർ താമസ സൗകര്യങ്ങളാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമനസേന പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെട്ടിടങ്ങളിലും അപ്പാർടുമെന്റുകളിലും സുരക്ഷയും തീപിടിത്ത പ്രതിരോധ നിബന്ധനകൾ പാലിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും അഗ്നിശമനസേന ഉണർത്തി. അപ്പാർടുമെന്റുകളിലെ ഇടനാഴികകളിലും ഒഴിഞ്ഞ ഇടത്തും വസ്തുക്കൾ കൂട്ടിയിടരുതെന്നും തടസ്സങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പേടിപ്പിക്കുന്ന ജൂൺ
കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഏറ്റവും ഉയർന്ന നിലയിലെത്തുന്ന മാസങ്ങളാണ് ജൂൺ, ജൂലൈ, ആഗസ്റ്റ് എന്നിവ. ഈ മാസങ്ങളിൽ തീപിടിത്ത അപകടങ്ങളുടെ എണ്ണവും കൂടുതൽ റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പല അപകടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ വർഷം മരണം സംഭവിക്കുന്ന ആദ്യ സംഭവമാണ് റിഗ്ഗയിലേത്.
കഴിഞ്ഞ ജൂണിൽ രാജ്യത്തെ നടുക്കിയ വൻ തീപിടിത്തത്തിന് ഒരാണ്ട് തികയാനിരിക്കെയാണ് വീണ്ടും ദുരന്തം. കഴിഞ്ഞ ജൂൺ 12നാണ് എന്.ബി.ടി.സി ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികൾ ഒഴികെ മരിച്ചവരെല്ലാം ഇന്ത്യക്കാരായിരുന്നു. നിരവധി പേര്ക്ക് സാരമായി പരിക്കേൽക്കുകയും ഉണ്ടായി.
രാത്രിയിലും പുലർച്ചെയും ഉണ്ടാകുന്ന തീപിടിത്തങ്ങൾ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും. ഉറങ്ങിക്കിടക്കുമ്പോഴാകും അപകടം എന്നത് പലർക്കും രക്ഷപ്പെടാനുള്ള സാധ്യത കുറക്കും. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് പലരും മരണപ്പെടാറ്. മൻഗഫിൽ തൊഴിലാളികൾ ഉറങ്ങുന്നതിനിടെ പുലർച്ചെയായിരുന്നു തീപിടിത്തം. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ ചില തൊഴിലാളികൾ ആറു നില കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയുമുണ്ടായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടായിരുന്നു അപകട കാരണം.
പരിക്കേറ്റവരെ ഫർവാനിയ ഗവർണർ സന്ദർശിച്ചു
കുവൈത്ത് സിറ്റി: തീപിടിത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അൽ അത്ബി അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ ഗവർണർ മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ഡോക്ടർമാരിൽനിന്ന് വിശദമായ വിശദീകരണം തേടി. തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിൽ സുരക്ഷാ സേനയും അഗ്നിശമന സേനയും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. താമസക്കാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ സുരക്ഷ ആവശ്യകതകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

