അമീർ കപ്പിൽ ജനമൊഴുകി: കാണികൾക്ക് വീണ്ടും വിലക്ക്
text_fieldsകഴിഞ്ഞ ദിവസം നടന്ന അമീർ കപ്പ് ഫുട്ബാൾ സെമിഫൈനൽ കാണാനെത്തിയവർ
കുവൈത്ത് സിറ്റി: സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കപ്പെടാതിരുന്നതോടെ കുവൈത്തിൽ ഫുട്ബാൾ സ്റ്റേഡിയത്തിലേക്ക് കാണികളുടെ പ്രവേശനം വീണ്ടും വിലക്കി. സ്പോർട്സ് പബ്ലിക് അതോറിറ്റിയാണ് തൽക്കാലത്തേക്ക് വീണ്ടും നിയന്ത്രണം പ്രഖ്യാപിച്ചത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാൻ കൃത്യമായ മാർഗരേഖയും കർമപദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം പ്രവേശനം വീണ്ടും അനുവദിക്കും. ഇതിനായി അധികൃതർ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അമീർ കപ്പ് ഫുട്ബാൾ സെമി ഫൈനലിൽ ഗാലറിയിൽ കാണികൾ നിറഞ്ഞുകവിഞ്ഞിരുന്നു. കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മന്ത്രിസഭ കാണികളെ ഉൾക്കൊള്ളിക്കുന്നതിന് അനുമതി നൽകിയത്.
പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം എന്നും മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കാണികളുടെ കുത്തൊഴുക്കിൽ ഇത് പരിശോധിക്കാൻ കഴിഞ്ഞില്ല. അനുവദിക്കപ്പെട്ട പരിധിയേക്കാൾ രണ്ടിരട്ടി ആളുകൾ കളി കാണാനെത്തി. നവംബർ 23നാണ് അമീർ കപ്പ് ഫുട്ബാൾ ഫൈനൽ. കുവൈത്തിൽ ഏറ്റവുമധികം ആരാധകരുള്ള കുവൈത്ത് സ്പോർട്സ് ക്ലബും ഖാദിസിയയുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. അതിനിടക്ക് അധികൃതർ നിയന്ത്രിത പ്രവേശനത്തിന് വഴി കാണുമെന്നാണ് പ്രതീക്ഷ. അതിനിടക്ക് നടക്കുന്ന മറ്റു മത്സരങ്ങൾക്ക് കാണികളെ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

