ജി.സി.സി-യു.എസ് ഉച്ചകോടി അമീർ പങ്കെടുത്തു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കവാടം
text_fieldsജി.സി.സി-യു.എസ് ഉച്ചകോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ജി.സി.സി-യു.എസ് ഉച്ചകോടി പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കവാടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ജി.സി.സി രാജ്യങ്ങളുടെ അമേരിക്കയുമായുള്ള നിക്ഷേപം വർധിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയ അമീർ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സംഭാഷണങ്ങൾക്കായി ഒരു ജി.സി.സി-യു.എസ് ഫോറം നിർദേശിക്കുകയും ചെയ്തു. റിയാദിൽ നടന്ന ജി.സി.സി-യു.എസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അമീർ. ഉച്ചകോടിയിൽ അതിയായ ആഹ്ലാദം പ്രകടിപ്പിച്ച അമീർ ഊഷ്മളമായ സ്വീകരണത്തിനും സംഘാടനത്തിനും സൗദി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിനും നന്ദി പറഞ്ഞു.
സമ്മേളനത്തിൽ പങ്കെടുത്തതിന് യു.എസ്. പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞു. സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കിയ യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അമീർ അഭിനന്ദിച്ചു. വർധിച്ചുവരുന്ന പ്രതിസന്ധികൾ, സംഘർഷങ്ങൾ, അതിർത്തി കടന്നുള്ള വെല്ലുവിളികൾ എന്നിങ്ങനെ നിർണായകമായ അന്താരാഷ്ട്ര സാഹചര്യങ്ങൾക്കിടയിലാണ് ഉച്ചകോടി നടക്കുന്നതെന്ന് അമീർ സൂചിപ്പിച്ചു. ജി.സി.സി രാജ്യങ്ങൾ മേഖലയുടെ സ്ഥിരതയെയും സുരക്ഷയെയും പിന്തുണക്കുന്നു. സ്വന്തം പ്രദേശങ്ങൾ, സമുദ്ര മേഖലകൾ, വിഭവങ്ങൾ എന്നിവക്ക് നേരെയുള്ള എല്ലാ ലംഘനത്തെയും നിരസിക്കുന്നതായും ചൂണ്ടിക്കാട്ടി.ഉച്ചകോടി വിജയിക്കുമെന്നും ഗൾഫ്-യു.എസ് പങ്കാളിത്തം ശക്തമായി തുടരുമെന്നും അമീർ പ്രത്യാശ പ്രകടിപ്പിച്ചു.
സിറിയക്കെതിരായ ഉപരോധം പിൻവലിക്കൽ: കുവൈത്ത് സ്വാഗതംചെയ്തു
കുവൈത്ത് സിറ്റി: സിറിയക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തു കുവൈത്ത്. സിറിയയിലെ സ്ഥിരതക്കും വികസനത്തിനും ട്രംപിന്റെ പ്രഖ്യാപനം ഗുണകരമാകുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
സിറിയയോടും അവിടുത്തെ ജനങ്ങളോടുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി. സിറിയയുടെ പരമാധികാരം, ഐക്യം, സ്വാതന്ത്ര്യം എന്നിവക്കായുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയും അറിയിച്ചു.സൗദി അറേബ്യ സന്ദർശന വേളയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായി വ്യക്തമാക്കിയത്.
സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് ന്ദി പറഞ്ഞു വിദേശകാര്യ മന്ത്രി
കുവൈത്ത് സിറ്റി: സിറിയക്കെതിരായ നടപടികൾ പിൻവലിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ. നിർണായക ഘട്ടത്തിൽ യു.എസ് പ്രസിഡന്റിന്റെ സൗദി അറേബ്യ സന്ദർശനത്തെ അബ്ദുല്ല അൽ യഹ്യ പ്രശംസിച്ചു.
അബ്ദുല്ല അൽ യഹ്യ
ഇത് മേഖലയിലെ വിശ്വാസം പുനർനിർമിക്കുന്നതിനും സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങൾക്ക് ഗുണകരമായി. റിയാദിൽ നടന്ന ഗൾഫ്-യു.എസ് ഉച്ചകോടി മേഖല നേരിടുന്ന നിർണായക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും സംയുക്ത ജി.സി.സി-അറബ് സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ്-യു.എസ് സഹകരണം വികസിപ്പിക്കുന്നതിനുള്ള ഒരു പുതിയ അവസരമാണ് ഉച്ചകോടിയെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

