അമേരിക്കൻ സൈനിക സാമഗ്രികളുടെ ഇടത്താവളമാവാൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ വിവിധ രാജ്യങ്ങളിൽ തമ്പടിച്ച യു.എസ് സൈനികർക്കും സഖ്യ സേനകൾക്കും വേണ്ട സഹായം ലഭ്യമാക്കുന്നതിനുള്ള ഇടത്താവളമായി കുവൈത്ത് മാറും. പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ എയർ കാർഗോ സിറ്റി കുവൈത്തിൽ നിർമാണം പുരോഗമിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സേന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് യു.എസ് കാർഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. എല്ലാ ദിവസവും 24 മണിക്കൂറും പണി നടക്കുന്നു. 32 മില്യൻ ഡോളർ ചെലവ് കണക്കാക്കിയ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറിന് മുമ്പ് ഉണ്ടാകും. സമീപ രാജ്യങ്ങളിലെ യു.എസ് ക്യാമ്പുകളിലേക്ക് ആവശ്യമായ സൈനിക സാമഗ്രികളുടെ നീക്കമുൾപ്പെടെ കാര്യങ്ങൾ ഇതിലൂടെയായിരിക്കും തുടർന്ന് നടക്കുക.
