അമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
text_fieldsഅമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ് പ്രിക്സിലെ വിജയികൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ രക്ഷാകർതൃത്വത്തിലും നാമധേയത്തിലും നടക്കുന്ന അമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ് പ്രിക്സ് സമാപിച്ചു. അറബ് ഷൂട്ടിങ് ഫെഡറേഷന്റെയും കുവൈത്ത് ഷൂട്ടിങ് ക്ലബിന്റെയും നേതൃത്വത്തിൽ ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ നടന്ന ടൂർണമെൻറിൽ 20 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ ഷൂട്ടിങ് താരങ്ങൾ മാറ്റുരച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിലൊന്നാണിത്. ആറുദിവസത്തെ ടൂർണമെൻറിൽ എല്ലാ ഒളിമ്പിക് ഇനങ്ങളിലും മത്സരം നടന്നു. കുവൈത്തി താരങ്ങൾക്കായി പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിച്ചു.
അമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ് പ്രിക്സിന് ഒരുക്കിയ സന്നാഹങ്ങൾ മികച്ചതായിരുന്നുവെന്നും കോവിഡിന് ശേഷം കായിക മേഖല സജീവമായതിന്റെ ആവേശം പ്രകടമായിരുന്നുവെന്നും കുവൈത്ത് ഷൂട്ടിങ് ക്ലബ് ചെയർമാൻ ദുഐജ് അൽ ഉതൈബി പറഞ്ഞു. അമേരിക്കൻ എംബസി പ്രതിനിധികൾ ഷൂട്ടിങ് കോംപ്ലക്സ് സന്ദർശിച്ചു. 2024ലെ പാരിസ് ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾക്കുനേരത്തേ തന്നെ തയാറെടുപ്പ് തുടങ്ങിയതായി ദുഐജ് അൽ ഉതൈബി കൂട്ടിച്ചേർത്തു.

